തെലങ്കാനയിലെ ആദ്യ കോൺഗ്രസ് സർക്കാരിനെ പിസിസി അധ്യക്ഷൻ എ. രേവന്ത് റെഡ്ഡി നയിക്കും. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നാളെ ഹൈദരാബാദിൽ സത്യപ്രതിജ്ഞ.
തെലങ്കാനയിൽ നിന്നുള്ള എഐസിസി നിരീക്ഷകരോടും മുതിർന്ന നേതാക്കളോടും ചർച്ച നടത്തിയ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, റെഡ്ഡിയെ നിയമസഭാ കക്ഷി നേതാവാക്കി മുന്നോട്ടുപോകാൻ തീരുമാനിച്ചതായി വേണുഗോപാൽ. എന്നാൽ, മന്ത്രിസഭാംഗങ്ങളുടെ എണ്ണം, ഉപമുഖ്യമന്ത്രിമാരുണ്ടാകുമോ തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം പ്രതികരിച്ചില്ല. നേരത്തേ, മുൻ പിസിസി അധ്യക്ഷൻ ഉത്തംറെഡ്ഡി, മുൻ നിയമസഭാ കക്ഷി നേതാവ് മല്ലുഭട്ടി വിക്രമാർക്ക എന്നിവരെയും പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
10 വർഷം സംസ്ഥാനം ഭരിച്ച ബിആർഎസിനെ കടപുഴക്കിയ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിച്ചത് അമ്പത്തിനാലുകാരൻ രേവന്ത് റെഡ്ഡിയാണ്. 119 അംഗ നിയമസഭയിൽ 64 സീറ്റുകളാണു കോൺഗ്രസിന്. നിയമസഭാ കക്ഷി നേതാവിനെ തീരുമാനിക്കാൻ എംഎൽഎമാരുടെ യോഗം കോൺഗ്രസ് അധ്യക്ഷനെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഖാർഗെയുടെ തീരുമാനം. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മുതിർന്ന നേതാക്കളായ ദീപ ദാസ്മുൻഷി, അജോയ്കുമാർ, കെ.ജെ. ജോർജ്, എഐസിസി ജനറൽ സെക്രട്ടറി മണിക്റാവു താക്കറെ എന്നിവരായിരുന്നു തെലങ്കാനയിലെ നിരീക്ഷകർ.
ആർഎസ്എസിന്റെ വിദ്യാർഥി പ്രസ്ഥാനമായ എബിവിപിയിലൂടെ പൊതുരംഗത്തെത്തിയ രേവന്ത് റെഡ്ഡി 2009ൽ അവിഭക്ത ആന്ധ്രപ്രദേശിൽ തെലുഗുദേശം പാർട്ടി അംഗമായി നിയമസഭയിലെത്തി. 2017ലാണ് കോൺഗ്രസിൽ ചേർന്നത്. 2021ൽ പിസിസി അധ്യക്ഷനായി. നിലവിൽ മൽക്കജ്ഗിരിയിൽ നിന്നുള്ള ലോക്സഭാംഗമാണ്. ഭാര്യ ഗീത മുൻ കേന്ദ്ര മന്ത്രി എസ്. ജയ്പാൽ റെഡ്ഡിയുടെ അനന്തരവളാണ്.































