മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയും ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയും അടക്കം അഞ്ച് സ്ഥാനാർഥികൾ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. സോണിയ രാജസ്ഥാനിൽ നിന്നും ജെപി നദ്ദയും പാർട്ടിയുടെ മറ്റ് മൂന്ന് സ്ഥാനാർത്ഥികളും ഗുജറാത്തിൽ നിന്നുമാണ് എംപിമാരായത്. ആരോഗ്യ പ്രശ്‌നങ്ങൾ കാരണം വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് 77 കാരിയായ സോണിയ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഫെബ്രുവരി 14 ന് ജയ്‌പൂരിൽ നിന്ന് സോണിയ രാജ്യസഭാ നാമനിർദേശ പത്രിക സമർപ്പിക്കുകയായിരുന്നു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് രാജ്യസഭാ കാലാവധി പൂർത്തിയാക്കിയ ശേഷം ഏപ്രിലിൽ ഒഴിവു വരുന്ന സീറ്റിലേക്കാണ് സോണിയ ഗാന്ധി മത്സരിച്ചത്.
രാജ്യസഭാംഗമായ ഭൂപേന്ദ്ര യാദവിൻ്റെ (ബിജെപി) കാലാവധി ഏപ്രിൽ 3ന് അവസാനിക്കുകയാണ്. ബിജെപി എംപി കിരോഡി ലാൽ മീണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് ഡിസംബറിൽ സഭയിൽ നിന്ന് രാജിവച്ചതിനെ തുടർന്ന് മൂന്നാം സീറ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു. 2004 മുതൽ ലോക്സഭയിൽ റായ്ബറേലിയെ പ്രതിനിധീകരിക്കുന്ന സോണിയ ഗാന്ധി അഞ്ച് തവണ എംപിയായിട്ടുണ്ട്. അടുത്ത പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടന്നാണ് തീരുമാനം. ഇതോടെയാണ് രാജ്യസഭയിലേക്ക് മത്സരിക്കാൻ നാമനിർദ്ദേശം സമർപ്പിച്ചത്. 1999ൽ കോൺഗ്രസ് അധ്യക്ഷയായി ചുമതലയേറ്റ ശേഷം ബെല്ലാരിയിൽ നിന്നാണ് അവർ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്.
രാജസ്ഥാനിൽ ബിജെപിയിൽ നിന്നുള്ള ചുന്നിലാൽ ഗദാസിയ, മദൻ റാത്തോഡ് എന്നിവരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്ത് 10 രാജ്യസഭാ സീറ്റുകളാണുള്ളത്. ഫലം വന്നപ്പോൾ കോൺഗ്രസിന് ആറും ബിജെപിക്ക് നാലും അംഗങ്ങളാണുള്ളത്.

































