ചൈനയിൽ ന്യുമോണിയ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ആശുപത്രികളുടെ തയ്യാറെടുപ്പ് നടപടികൾ ഉടനടി അവലോകനം ചെയ്യണമെന്ന് കേന്ദ്രം സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി ചൈനയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും കേന്ദ്രം വ്യക്തമാക്കി. ആശുപത്രികളിൽ കിടക്കകൾ, മരുന്നുകൾ, ഇൻഫ്ലുവൻസയ്ക്കുള്ള വാക്സിനുകൾ, മെഡിക്കൽ ഓക്സിജൻ, ആൻറിബയോട്ടിക്കുകൾ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ, ടെസ്റ്റിംഗ് കിറ്റുകൾ തുടങ്ങിയ മെഡിക്കൽ ഇൻഫ്രാസ്ട്രക്ചറുകൾ എന്നിവ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കത്തയച്ചു. കൂടാതെ റിയാക്ടറുകൾ, ഓക്‌സിജൻ പ്ലാന്റുകളുടെയും വെന്റിലേറ്ററുകളുടെയും പ്രവർത്തനം, ആരോഗ്യ സൗകര്യങ്ങളിലെ അണുബാധ നിയന്ത്രണ രീതികൾ എന്നിവ സജ്ജമാക്കണമെന്നും കേന്ദ്രം അറിയിപ്പിൽ പറയുന്നു.
ഇൻഫ്ലുവൻസ പോലുള്ള അസുഖങ്ങളുടെ കേസുകളിൽ ശ്വാസകോശ രോഗകാരികളുടെ സംയോജിത നിരീക്ഷണത്തിനായി കോവിഡ്-19-ന്റെ പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോജക്ടിന്റെ (ഐഡിഎസ്പി) ജില്ലാ, സംസ്ഥാന നിരീക്ഷണ യൂണിറ്റുകൾ, കുട്ടികളിലും കൗമാരക്കാരിലുമുള്ള രോഗ സാധ്യതകൾ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.
ന്യൂമോണിയ ബാധിതരായ രോഗികളുടെ, പ്രത്യേകിച്ച് കുട്ടികളുടെയും കൗമാരക്കാരുടെയും, മൂക്കിലെയും തൊണ്ടയിലെയും സ്രവ സാമ്പിളുകൾ പരിശോധിക്കണം. ഇതിനായി സാമ്പിളുകൾ സംസ്ഥാനങ്ങളിൽ സ്ഥിതി ചെയ്യുന്ന വൈറസ് റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറികളിലേക്ക് (വിആർഡിഎൽ) അയയ്ക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
നിഗൂഢമായ ന്യുമോണിയ പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്നുള്ള കേസുകളുടെ വർദ്ധനവ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. നിലവിലെ സാഹചര്യത്തിൽ നിന്ന് ഉയർന്നുവന്നേക്കാവുന്ന ഏത് തരത്തിലുള്ള അടിയന്തരാവസ്ഥയ്ക്കും രാജ്യം സജ്ജമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

































