റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളിൽ ആഭ്യന്തര മന്ത്രാലയത്തിൻ്റെ നേത്യത്തിലുള്ള സംയുക്ത സുരക്ഷാ പരിശോധന തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കകം വിവിധ നിയമലംഘനങ്ങളുടെ പേരിൽ 22094 നിയമലംഘകരെ സൗദി സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയതായി അധികൃതർ വ്യക്തമാക്കി. നേരത്തേ വിവിധ നിയമലംഘനങ്ങൾക്ക് പിടിയിലായ 10,943 പേരെ സൗദിയിൽ നിന്ന് സ്വന്തം നാടുകളിലേക്ക് നാടുകടത്തുകയുമുണ്ടായി
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ അറസ്റ്റിലായവരിൽ 13,731 പേരാണ് റസിഡൻസി നിയമങ്ങൾ ലംഘിച്ച് സൗദിയിൽ കഴിഞ്ഞതിന് പിടിയിലായത്. അതിർത്തി സുരക്ഷാ നിയമം ലംഘിച്ചതിന് 4,873 പേരും തൊഴിൽ നിയമം ലംഘിച്ചതിന് 3,490 പേരും പിടിക്കപ്പെട്ടു. രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ചതിന് 1,337 പേർ അറസ്റ്റിലായി. ഇവരിൽ 53 ശതമാനം പേര് എത്യോപ്യക്കാരും 44 ശതമാനം പേർ യെമനികളും ബാക്കി മൂന്ന് ശതമാനം പേർ മറ്റ് രാജ്യക്കാരുമാണ്.
മതിയായ രേഖകളില്ലാതെ സൗദി അറേബ്യയിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ 37 പേരും പിടിക്കപ്പെട്ടു. നുഴഞ്ഞുകയറ്റക്കാർക്ക് യാത്ര, താമസ സൗകര്യങ്ങൾ നൽകിയതിന് 23 പേരെ അറസ്റ്റ് ചെയ്തു. നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിക്കാൻ ആളുകളെ സഹായിക്കുന്നവരും റസിഡൻസി നിയമങ്ങളും തൊഴിൽ നിയമങ്ങളും ലംഘിച്ച് രാജ്യത്ത് കഴിയുന്നവർക്ക് ജോലിയോ താമസ സൗകര്യമോ യാത്രാ സൗകര്യമോ ഒരുക്കുകയും ചെയ്യുന്നവരും ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്യുന്നതെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. ഇസ്രയേലോ ഇറാനോ കൂടുതൽ കരുത്ത്? പിന്നറാമ്പുറം അറിയാം
നിയമലംഘകർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷ. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളും കെട്ടിടങ്ങളും കണ്ടുകെട്ടുകയും നിയമലംഘകരുടെ പേര് വിവരങ്ങൾ അവരുടെ ചെലവിൽ മാധ്യമങ്ങളിൽ പരസ്യപ്പെടുത്തുകയും ചെയ്യും. അടുത്ത കാലത്തായി പ്രതിവാര പരിശോധനകൾക്കിടയിൽ അറസ്റ്റിലാവുന്ന പ്രവാസികളുടെ എണ്ണം വലിയ തോതിൽ വർധിച്ചിട്ടുണ്ട്. നേരത്തേ പിടിയിലായ ഇന്ത്യക്കാർ ഉൾപ്പെടെ നിരവധി പേർ മാത്യരാജ്യങ്ങളിലേക്ക് നാടുകടത്തപ്പെടുന്നതിന് മുമ്പായി താൽക്കാലിക താമസ കേന്ദ്രങ്ങളിൽ കഴിയുകയാണ്.
നേരത്ത ഒരു ആഴ്ച ശരാശരി 10,000 അനധികൃത താമസക്കാരെയാണ് പിടികൂടിയിരുന്നതെങ്കിൽ ഇപ്പോൾ അത് 20,000ത്തിനു മുകളിലേക്ക് എത്തിയിരിക്കുന്നു. ഹജ്ജ്, ഉംറ തീർഥാനടത്തിനെത്തിയ ശേഷം വിസ കാലാവധി കഴിഞ്ഞിട്ടും തൊഴിൽ അന്വേഷിക്കാനും മറ്റുമായി സൗദിയിൽ തങ്ങുന്നവരുടെ എണ്ണം വരുന്നതാണ് ഇതിനൊരു കാരണമായി വിലയിരുത്തപ്പെടുന്നത്.

































