കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ പുതിയ ഭേദഗതികൾ നിലവിൽ വുന്നു. കുവൈറ്റ് പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹാണ് ട്രാഫിക് നിയമത്തിന്റെ എക്സിക്യൂട്ടീവ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട മന്ത്രിതല പ്രമേയം നമ്പർ 81/1976ലെ വ്യവസ്ഥകളിൽ കാര്യമായ ഭേദഗതികൾ പ്രഖ്യാപിച്ചത്. ഈ തീരുമാനം കുവൈറ്റിലെ ഡ്രൈവിംഗ് ലൈസൻസുകളുടെയും വാഹന പരിശോധനകളുടെയും നിയന്ത്രണ ചട്ടക്കൂടിൽ കാതലമായ മാറ്റങ്ങളുണ്ടാക്കുമെന്നാണ് (പ്രതീക്ഷിക്കുന്നത്.
സ്വകാര്യ ഡ്രൈവിംഗ് ലൈസൻസ്
പരമാവധി ഏഴ് യാത്രക്കാരെ കയറ്റുന്ന സ്വകാര്യ കാറുകൾ, രണ്ട് ടൺ വരെ ലോഡ് കപ്പാസിറ്റിയുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾ, ടാക്സികൾ എന്നിവ ഓടിക്കാനുള്ള സ്വകാര്യ ഡ്രൈവിംഗ് ലൈസൻസ്, കുവൈറ്റികൾക്കും ജിസിസി പൗരന്മാർക്കും 15 വർഷത്തേക്ക് സാധുതയുള്ളതായിരിക്കും. കുവൈറ്റ് പൗരൻമാർ അല്ലാത്തവർക്ക്, മൂന്ന് വർഷമായിരിക്കും ലൈസൻസിന്റെ സാധുത. അതേസമയം ഗോത്രവർഗ വിഭാഗമായ ബദവികൾക്ക് ലൈസൻസ് കാലാവധി അവരുടെ സുരക്ഷാ കാർഡിന്റെ സാധുതയെ ആശ്രയിച്ചിരിക്കും
ജനറൽ ഡ്രൈവിംഗ് ലൈസൻസ് കാറ്റഗറി എ, ബി
25-ലധികം യാത്രക്കാരുള്ള പാസഞ്ചർ ട്രാൻസ്പോർട്ട് വാഹനങ്ങൾ, പൊതുഗതാഗത വാഹനങ്ങൾ, ഗതാഗത വാഹനങ്ങൾ, ലോക്കോമോട്ടീവുകൾ. ട്രെയിലറുകൾ, സെമി ട്രെയിലറുകൾ, എട്ട് ടണ്ണിൽ കൂടുതലുള്ള വാഹനങ്ങൾ തുടങ്ങിയവ ഓടിക്കുന്നവർക്കുള്ളതാണ് കാറ്റഗതി എ ലൈസൻസുകൾ. കുവൈറ്റ് പൗരൻമാർക്കും ജിസിസി പൗരന്മാർക്കും 10 വർഷത്തേക്കായിരിക്കും ഇതിന്റെ കാലാവധി. വിദേശികൾക്ക് ലൈസൻസ് മൂന്ന് വർഷത്തേക്ക് സാധുതയുള്ളതാണ്.
ഏഴ് മുതൽ 25 വരെ യാത്രക്കാരുള്ള പാസഞ്ചർ ട്രാൻസ്പോർട്ട് വാഹനങ്ങൾ, പൊതുഗതാഗത വാഹനങ്ങൾ, രണ്ട് മുതൽ എട്ട് ടൺ വരെ ശേഷിയുള്ള (ട്രാൻസ്പോർട്ട് വാഹനങ്ങൾ എന്നിവ ഓടിക്കുന്നവർക്കുള്ളതാണ് കാറ്റഗറി ബി ലൈസൻസ്. ഇതിന്റെ കാലയളവും കാറ്റഗറി എയിലേതിന് സമാനമാണ്. എന്നാൽ ജനറൽ ഡ്രൈവിംഗ് ലൈസൻസ് കാറ്റഗറി ‘ബി’ ഉള്ളവർക്ക് കാറ്റഗറി ‘എ’ എന്ന വിഭാഗത്തിന് കീഴിൽ പ്രത്യേകമായി വരുന്ന വാഹനങ്ങൾ ഓടിക്കാൻ അനുവാദമില്ല. പുതിയ ഭേദഗതികൾക്ക് മുനി നൽകിയ ലൈസൻസുകൾ അവയുടെ യഥാർത്ഥ കാലഹരണ തീയതി വരെ സാധുവായിരിക്കും.
പുതുതായി വാങ്ങുന്ന വാഹനങ്ങളും മോട്ടോർ സൈക്കിളുകളും വാങ്ങി മൂന്ന് വർഷത്തിന് ശേഷം ആദ്യത്തെ സാങ്കേതിക പരിശോധനയ്ക്ക് വിധേയമാകും. തുടർന്ന് ആദ്യത്തേതിന് ശേഷം മൂന്ന് വർഷത്തിലൊരിക്കൽ പരിശോധന നടത്തണം. സ്വകാര്യ ഗതാഗത വാഹനങ്ങൾ ആദ്യ പരിശോധന കഴിഞ്ഞ് മൂന്ന് വർഷത്തിന് ശേഷമാണ് തുടർ പരിശോധന നടത്തുക. നേരത്തേ ഇത് രണ്ട് വർഷത്തെ ഇടവേളയിൽ നടത്തണമെന്നായിരുന്നു വ്യവസ്ഥ.

































