റിയാദ്: സൗദി അറേബ്യയിൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത പ്രവചിപ്പിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സൗദി സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ വിവിധ മേഖലകളെ ബാധിക്കുന്ന പ്രതികൂല കാലാവസ്ഥ ചൊവ്വാഴ്ച വരെ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ അറിയിച്ചു. ശക്തമായ മഴയ്ക്കൊപ്പം ചുഴലിക്കാറ്റ് അടിച്ചു വീശാനുള്ള സാധ്യതയുമുണ്ട്.
മക്ക, തായിഫ്, മെയ്താൻ, അദം, അൽ അർദിയാത്ത് എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളെ ബാധിക്കുന്ന കനത്ത മഴയ്ക്കും ആലിപ്പഴ വർഷത്തിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കി. അൽ ബഹ, അസീർ, ജസാൻ, നജ്റാൻ തുടങ്ങിയ പ്രദേശങ്ങളിലും മിതമായതോ കനത്തതോ ആയ മഴയും മദീനയിൽ നേരിയതോ മിതമായതോ ആയ മഴയും ലഭിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
ശക്തമായ മഴയ്ക്കൊപ്പം ചുഴലിക്കാറ്റ് അടിച്ചു വീശാനുള്ള സാധ്യതയും കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയുള്ള സമയങ്ങളിൽ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളും വാദികളും മറ്റ് താഴ്ന്ന ഇടങ്ങളും ഒഴിവാക്കണം. അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ ആളുകൾ പുറത്തിറങ്ങാവൂ എന്നും വാഹനങ്ങളുമായി പുറത്തിറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും സിവിൽ ഡിഫൻസ് ജനറൽ ഡയർക്ടറേറ്റ് അറിയിച്ചു.
ശക്തമായ കാറ്റിൽ പൊടിപടലങ്ങൾ ഉയർന്ന് അന്തരീക്ഷ കാഴ്ചാപരിധി കുറയാൻ ഇടയുള്ളതിനാൽ വാഹനങ്ങൾ തമ്മിൽ നിശ്ചിത അകലം പാലിച്ച് മാത്രമേ യാത്ര ചെയ്യാവൂ. ഈ അസ്ഥിരമായ സാഹചര്യങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിന് ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനങ്ങളും അലേർട്ടുകളും ശ്രദ്ധിക്കുകയും അവയിലെ നിർദേശങ്ങൾ കർശനമായി പാലിക്കുകയും ചെയ്യണമെന്നും സിവിൽ ഡിഫൻസ് അധികൃതർ പൊതുജനങ്ങളോട് നിർദേശിച്ചു.






























