ദുബായ്: യുഎഇ സർക്കാർ ഈയിടെ കൊണ്ടുവന്ന പുതിയ ട്രാഫിക് നിയമങ്ങൾ കർശനമായ ശിക്ഷകൾ ഉൾക്കൊള്ളുന്നവയാണ്. വലിയ പിഴകളും ജയിൽ ശിക്ഷയും ഉൾപ്പെടെയുള്ള ശിക്ഷകളാണ് ട്രാഫിക് നിയമ ലംഘനങ്ങൾക്ക് പുതിയ നിയമം അനുശാസിക്കുന്നത്. രാജ്യത്ത് റോഡ് സുരക്ഷ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ സെപ്റ്റംബറിൽ പുതിയ നിയമം അധികൃതർ പ്രഖ്യാപിച്ചത്. ഇതുപ്രകാരം മദ്യപിച്ച് വാഹനമോടിക്കുകയോ അശ്രദ്ധമായി വാഹനമോടിക്കുകയോ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരുമായി സഹകരിക്കാതിരിക്കുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യങ്ങളാണ്. അടുത്ത വർഷം പ്രാബല്യത്തിൽ വരുന്ന യുഎഇയുടെ പുതിയ ട്രാഫിക് നിയമം അനുസരിച്ച് ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരും.
(ട്രാഫിക് നിയന്ത്രണം സംബന്ധിച്ച 2024-ലെ ഫെഡറൽ ഡിക്രി-നിയമ നമ്പർ 14-ന്റെ ആർട്ടിക്കിൾ 31 പ്രകാരം, ബന്ധപ്പെട്ട (ട്രാഫിക് നിയന്ത്രണ അധികാരികൾക്ക് വിവിധ ട്രാഫിക് നിയമ ലംഘനങ്ങളുടെ പേരിൽ ഡ്രൈവറെ അറസ്റ്റ് ചെയ്യാൻ അധികാരമുണ്ടായിരിക്കും. ആറ് കേസുകളിലാണ് ട്രാഫിക് അധികാരികൾക്ക് ഡ്രൈവറെ കൈയോടെ അറസ്റ്റ് ചെയ്യാൻ അനുവാദമുള്ളത്:
(1) വാഹനം ഓടിക്കുന്നതിനിടെ ഒരാളുടെ മരണത്തിനോ പരിക്കേൽക്കുന്നതിനോ കാരണമാവുന്ന വിധത്തിൽ ഇപകടം ഉണ്ടാക്കുക.
(2) വാഹനം ഓടിക്കുന്നതിന്റെ ഫലമായി മറ്റുള്ളവരുടെ വസ്തുവകകൾക്ക് ഗുരുതരമായ നാശം വരുത്തുക.
( 3) അശ്രദ്ധമായോ പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കുന്ന രീതിയിലോ വാഹനം ഓടിക്കുക.
(4 ) വാഹനം നിയന്ത്രിക്കാനുള്ള കഴിഴ് നഷ്ടമാവുന്ന വിധത്തിൽ മദ്യം, മയക്കുമരുന്ന്, സൈക്കോട്രോപിക് പദാർത്ഥങ്ങൾ തുടങ്ങിയ ലഹരി പദാർഥങ്ങളുടെ സ്വാധീനത്തിൽ ഡ്രൈവ് ചെയ്യുക.
(5) ഇത്തരം കുറ്റകൃത്യങ്ങളിലൊന്ന് സംഭവിക്കുകയാണെങ്കിൽ, ഡ്രൈവറുടെ പേര്, വിലാസം, വ്യക്തിഗത ഡാറ്റ സൂചിപ്പിക്കുന്ന ഏതെങ്കിലും ഔദ്യോഗിക രേഖ എന്നിവ നൽകാൻ വിസമ്മതിക്കുകയോ, അല്ലെങ്കിൽ തെറ്റായ പേരോ വിലാസമോ നൽകുകയോ ചെയ്യുക.
(6) ഒരു വ്യക്തിയുടെ സുരക്ഷയ്ക്ക് ഹാനികരമാകുന്ന അപകടം വരുത്തിവച്ച ശേഷം സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെടാനുള്ള ശ്രമം നടത്തുകയോ അല്ലെങ്കിൽ ട്രാഫിക് ഉദ്യോഗസ്ഥൻ നിർത്താൻ ആവശ്യപ്പെട്ടിട്ടും വഹാനം ഓടിച്ചുപോവുകയോ റോഡിൽ വച്ച് അപകടകരമായ വിധത്തിൽ മറ്റൊരു വാഹനത്തെ പിന്തുടരുകയോ ചെയ്യുക.
ഈ വർഷം സെപ്റ്റംബറിൽ പുറത്തിറക്കിയ പുതിയ ട്രാഫിക് നിയമം 2025 മാർച്ച് 29 മുതൽ പ്രാബല്യത്തിൽ വരും

































