ജിദ്ദ: സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾ സെപ്റ്റംബർ മാസത്തിൽ നിയമാനുസൃത മാർഗങ്ങളിൽ സ്വദേശങ്ങളിലേക്ക് അയച്ച പണത്തിൽ 23 ശതമാനം വളർച്ച രേഖപ്പെടുത്തി. സെപ്റ്റംബറിൽ 1,220 കോടി റിയാലാണ് വിദേശികൾ സ്വദേശങ്ങളിലേക്ക് അയച്ചത്. 2021 മെയ് മാസത്തിനു ശേഷം ആദ്യമായാണ് വിദേശികളുടെ റെമിറ്റൻസിൽ ഇത്രയും ഉയർന്ന വളർച്ച രേഖപ്പെടുത്തുന്നത്.
തുടർച്ചയായി ഏഴാം മാസമാണ് വിദേശികളുടെ റെമിറ്റൻസിൽ വളർച്ച രേഖപ്പെടുത്തുന്നതെന്ന് സെൻട്രൽ ബാങ്ക് കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള ഒമ്പതു മാസക്കാലത്ത് നിയമാനുസൃത മാർഗങ്ങളിലൂടെ വിദേശികൾ 10,470 കോടി റിയാൽ സ്വദേശങ്ങളിലേക്ക് അയച്ചു. കഴിഞ്ഞ കൊല്ലം ആദ്യത്തെ ഒമ്പതു മാസക്കാലത്തെ അപേക്ഷിച്ച് ഈ വർഷം വിദേശികൾ അയച്ചു. പണത്തിൽ പത്തു ശതമാനം വളർച്ച രേഖപ്പെടുത്തി.
സെപ്റ്റംബറിൽ വ്യക്തിപരമായ ആവശ്യങ്ങൾക്ക് സ്വദേശികൾ 530 കോടി റിയാൽ വിദേശങ്ങളിലേക്ക് അയച്ചു. സൗദി പൗരന്മാർ അയച്ച പണത്തിൽ 13 ശതമാനം വളർച്ചയുണ്ടായി. ഒമ്പതു മാസത്തിനിടെ സൗദികൾ 4,840 കോടി റിയാലാണ് വ്യക്തിപരമായ ആവശ്യങ്ങൾക്ക് വിദേശങ്ങളിലേക്ക് അയച്ചത്. സ്വദേശികൾ അയച്ച പണത്തിൽ ഈ വർഷം ആറു ശതമാനം വളർച്ച രേഖപ്പെടുത്തി.

































