ജിദ്ദ: കൈക്കൂലിയും വ്യാജരേഖാ നിർമാണവും അധികാര ദുർവിനിയോഗവും നടത്തിയ കേസിൽ മുൻ പൊതുസുരക്ഷാ വകുപ്പ് മേധാവി ലെഫ്. ജനറൽ ഖാലിദ് ബിൻ ഖറാർ അൽഹർബിയെ കോടതി ഇരുപതു വർഷം തടവിന് ശിക്ഷിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുമുതൽ തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ നിയമ ലംഘനങ്ങളും അധികാര ദുർവിനിയോഗവും നടത്തിയ പൊതുസുരക്ഷാ വകുപ്പ് മേധാവിയുടെ സേവനം അവസാനിപ്പിക്കാനും ഇദ്ദേഹത്തിന് നിർബന്ധിത റിട്ടയർമെന്റ് നൽകാനും നിയമ ലംഘനങ്ങളിൽ അന്വേഷണം നടത്താനും മൂന്നു വർഷം മുമ്പ് ഹിജ്റ 1443 മുഹറം 30 ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉത്തരവിട്ടിരുന്നു.
തുടർന്ന് ഓവർസൈറ്റ് ആന്റ് ആന്റി കറപ്ഷൻ അതോറിറ്റി അന്വേഷണം നടത്തി ലെഫ്. ജനറൽ ഖാലിദ് അൽഹർബിക്കെതിരായ കേസ് പ്രത്യേക കോടതിക്ക് കൈമാറി. കൈക്കൂലി, വ്യാജരേഖാ നിർമാണം എന്നീ കുറ്റങ്ങൾ തെളിഞ്ഞതിനെ തുടർന്ന് ലെഫ് ജനറൽ ഖാലിദ് അൽഹർബിയെ കോടതി പത്തു വർഷം തടവിന് ശിക്ഷിച്ചു. ഇദ്ദേഹത്തിന് July പത്തു ലക്ഷം റിയാൽ പിഴ ചുമത്തിയിട്ടുമുണ്ട്.
വ്യക്തിപരമായ നേട്ടങ്ങൾക്ക് അധികാര ദുർവിനിയോഗം നടത്തൽ സർക്കാർ കരാറുകൾ മുതലെടുക്കൽ, പൊതുമുതൽ അപഹരിക്കൽ എന്നീ കുറ്റങ്ങളിൽ പത്തു വർഷം തടവും കോടതി വിധിച്ചു. കൈക്കൂലിയായി കൈപ്പറ്റിയ 1,00,84,303 റിയാൽ കണ്ടുകെട്ടി പൊതുഖജനാവിൽ അടക്കാനും വിധിയുണ്ട്. അപഹരിച്ച 28,27,000 റിയാൽ പൊതുഖജനാവിൽ തിരിച്ചടക്കണമെന്നും വിധിയുണ്ട്.
കൈക്കൂലിയെന്നോണം സ്വീകരിച്ച ഉപഹാരങ്ങളോ അവയുടെ തത്തുല്യമായ വിലയോ ആയും കൈക്കൂലിയെന്നോണം ഇദ്ദേഹത്തിന്റെ ബന്ധുക്കൾക്ക് നൽകിയ സഹായങ്ങളുമായും ഒന്നേമുക്കാൽ ലക്ഷം റിയാലും കണ്ടുകെട്ടാൻ കോടതി വിധിച്ചു. കുറ്റകൃത്യത്തിലൂടെ നേടിയ രണ്ടു ഫാമുകൾ കണ്ടുകെട്ടാനും കുറ്റകൃത്യത്തിലൂടെ നേടിയ 5,84,000 റിയാൽ പൊതുഖജനാവിൽ തിരിച്ചടക്കുന്നതിന് നിർബന്ധിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.































