സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദർവേസ് സാഹിബിന്റെ ഭാര്യയുടെ പേരിലുള്ള ഭൂമി തിരുവനന്തപുരം സബ്‌കോടതി ജപ്തി ചെയ്തു. ഭൂമിയുടെ വായ്‌പാ ബാധ്യത മറച്ചുവച്ച് വിൽപനയ്ക്കായി അഡ്വാൻസ് വാങ്ങിയെന്ന പരാതിയിലാണ് നടപടി.
നെട്ടയത്തുള്ള 10 സെൻ്റ് ഭൂമിയാണ് കോടതി ജപ്‌തി ചെയ്‌തത്. തിരുവനന്തപുരം സ്വദേശി ഉമർ ഷെരീഫ് നൽകിയ പരാതിയിലാണ് ഉത്തരവ്.
ഡിജിപിയും ഭാര്യയും ചേർന്നാണ് പണം വാങ്ങിയതെന്ന് ഹർജിക്കാരൻ പറഞ്ഞു. അഞ്ച് ലക്ഷം രൂപ ഡിജിപിയുടെ ചേമ്പറിലെത്തി കൈമാറി. 25 ലക്ഷം ബാങ്ക് മുഖേന ഡിജിപിയുടെ ഭാര്യയുടെ അക്കൗണ്ടിൽ നൽകി.
30 ലക്ഷം രൂപ നൽകിയ ശേഷമാണ് വസ്‌തുവിൻ്റെ ബാധ്യതാ വിവരങ്ങൾ അറിഞ്ഞത്. കൂടുതൽ പണം ആവശ്യപ്പെട്ടപ്പോൾ നടത്തിയ അന്വേഷണത്തിലാണ് സ്ഥലത്തിന് ആൽത്തറ എസ്ബിഐ ബ്രാഞ്ചിൽ 26 ലക്ഷം ബാധ്യതയുണ്ടെന്ന് അറിഞ്ഞത്.
ഇതിന്റെ അടിസ്ഥാനത്തിൽ കരാറിൽ നിന്ന് പിന്മാറുകയുമായിരുന്നു. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ തരാമെന്ന് പറഞ്ഞെങ്കിലും കഴിഞ്ഞ ഒരു വർഷമായി തരുന്നില്ലെന്നും ഉമർ ഷെരീഫ് പ്രതികരിച്ചു.
ഭാര്യയുടെ പേരിലുള്ള ഭൂമി വിൽക്കുന്നതുമായി ബന്ധപ്പട്ട ഇടപാടിൽ കൃത്യമായ കരാറോടെയാണ് ഏർപ്പെട്ടതെന്നു ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് അഡ്വാൻസ് പണം നൽകിയ ശേഷം കരാറുകാരൻ ഭൂമിയിൽ മതിൽ കെട്ടിയിരുന്നു. എന്നാൽ മൂന്നു മാസം കഴിഞ്ഞിട്ടും ബാക്കി പണം നൽകാതെ ഇയാൾ അഡ്വാൻസ് തിരികെ ചോദിക്കുകയായിരുന്നുവെന്നും നിയമപരമായി മുന്നോട്ടു പോകുമെന്നും ഡിജിപി പറഞ്ഞു.

































