സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ നടി മഞ്ജു വാര്യർ നൽകിയ കേസ് ഹൈക്കോടതി റദ്ദാക്കി. തനിക്കെതിരെ ശ്രീകുമാര്‍ മേനോൻ സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തിയെന്നായിരുന്നു മഞ്ജുവിന്റെ പരാതി. കേസിൽ നാലു വർഷമായിട്ടും മഞ്ജു സത്യവാങ്ങ്മൂലം നൽകിയില്ല. ഇത് കണക്കിലെടുത്താണ് കോടതി കേസ് റദ്ദാക്കിയത്.
ഒടിയന്‍’ എന്ന സിനിമയ്ക്ക് പിന്നാലെയായിരുന്നു സൈബര്‍ കേസിനാസ്പദമായ സൈബർ ആക്രമണം. ഇതിന് പിന്നിൽ ശ്രീകുമാർ മേനോന് പങ്കുണ്ടെന്നാരോപിച്ച് മഞ്ജു നൽകിയ പരാതിയിൽ തൃശൂർ പൊലീസാണ് കേസെടുത്തത്.അന്നത്തെ സംസ്ഥാന പൊലീസ് മേധാവിക്ക് മഞ്ജു വാര്യർ നേരിട്ട് നൽകിയ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്. എന്നാൽ ഈ പരാതി അടിസ്ഥാന രഹിതമാണന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ശ്രീകുമാർ മേനോൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
തനിക്ക് ഒപ്പമുള്ളവരെ ശ്രീകുമാർ മേനോൻ ഭീഷണിപ്പെടുത്തുന്നു. തന്റെ ലെറ്റർ ഹെഡും രേഖകളും ദുരുപയോഗം ചെയ്യുമെന്ന ഭയമുണ്ട്. സൈബർ ആക്രമണത്തിൽ ശ്രീകുമാറിന്റെ സുഹൃത്തിനും പങ്കുണ്ടെന്നും മഞ്ജു ഡിജിപിക്ക് നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു.
വിവാഹശേഷം അഭിനയരംഗം വിട്ട മഞ്ജുവാര്യര്‍ തിരിച്ചു വരവ് നടത്തിയത് കല്ല്യാണ്‍ ജ്വല്ലേഴ്സിന്‍റെ പരസ്യത്തിലൂടെയായിരുന്നു. ഇതിന് അവസരമൊരുക്കിയത് സംവിധായകൻ ശ്രീകുമാര്‍ മേനോനായിരുന്നു.
പിന്നാലെ മോഹൻലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ഒടിയനില്‍ നായികാ വേഷത്തിലും മഞ്ജുവെത്തിയിരുന്നു. ഈ സിനിമയ്ക്ക് ശേഷമാണ് സൈബർ ആക്രമണം ഉണ്ടായെന്ന് മഞ്ജു പരാതിപ്പെട്ടത്.

































