കൊച്ചി: ബലാത്സംഗത്തിന് ഇരയായ 16കാരിക്ക് ഗർഭഛിദ്രത്തിന് അനുമതി നിഷേധിച്ച് ഹൈക്കോടതി. ഗർഭസ്ഥശിശു 26 ആഴ്‌ചപ്രായം കടന്ന സാഹചര്യത്തിലാണു ഹൈക്കോടതി അനുമതി നിഷേധിച്ചത്. ഗർഭഛിദ്രത്തിന് അനുമതി തേടി അതിജീവിതയുടെ രക്ഷിതാക്കൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി.
കാമുകൻ ബലാത്സംഗം ചെയ്‌തതിനെ തുടർന്നാണു പെൺകുട്ടി ഗർഭിണിയായത്. ഡോക്ടറുടെ പരിശോധനയിലാണു ഇക്കാര്യം അതിജീവിതയും മാതാപിതാക്കളും അറിഞ്ഞത്.അപ്പോൾ ഗർഭസ്ഥശിശുവിന് 26 ആഴ്‌ചയും അഞ്ച് ദിവസവും ആയിരുന്നു പ്രായം.
ഗർഭഛിദ്രത്തിന് അനുമതി തേടി അതിജീവിതയുടെ മാതാപിതാക്കൾ ഈ മാസം 22നാണ് ഹൈക്കോടതിയെ സമീപിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയോട് അതിജീവിതയെ പരിശോധിക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു.
കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കുന്നതാണ് സുരക്ഷിതമെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു. ഗർഭഛിദ്രം നടത്തുകയാണെങ്കിൽ പോലും കുട്ടിയെ ജീവനോടെയേ പുറത്തെടുക്കാൻ സാധിക്കൂ എന്നായിരുന്നു മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയത്.
റിപ്പോർട്ട് പരിഗണിച്ചതിൻ്റെ അടിസ്ഥാനത്തിൽ കോടതി ഹർജി തള്ളുകയായിരുന്നു. കുട്ടിയെ ദത്തുനൽകാൻ അതിജീവിതയുടെ വീട്ടുകാർക്കു താൽപര്യമാണെങ്കിൽ കുഞ്ഞിനെ ഏറ്റെടുക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും സംസ്ഥാന സർക്കാരിനോടു ജസ്റ്റീസ് വിജി അരുൺ നിർദേശിച്ചു.

































