അങ്കമാലി: വറുത്ത മീനിൽ ഉപ്പ് കുറഞ്ഞതിനെച്ചൊല്ലിയുള്ള തർക്കം ഹോട്ടൽ ഷെഫിന് വെട്ടേൽക്കുന്നതിൽ കലാശിച്ചു. കറുകുറ്റി ‘മീൻവിലാസം’ ഹോട്ടലിലെ ഷെഫും കൊല്ലം സ്വദേശിയുമായ റിയാസിനാണ് (38) കൈത്തണ്ടയ്ക്ക് വെട്ടേറ്റത്. ഞായറാഴ്ച രാത്രി 10.30-ഓടെയായിരുന്നു സംഭവം.
ഹോട്ടലിന്റെ നാല് ഉടമസ്ഥരിൽ ഒരാളായ മലപ്പുറം സ്വദേശി മുഹമ്മദ് ഉവൈസ് രാത്രി ഭക്ഷണത്തിനായി എത്തിയതായിരുന്നു. തുടർന്ന് കഴിച്ച വറുത്ത മീനിൽ ഉപ്പില്ലെന്നും മീൻ മോശമാണെന്നും പറഞ്ഞ് ഉവൈസ് ഷെഫുമായി വാക്കുതർക്കത്തിലേർപ്പെട്ടു. എന്നാൽ ഫ്രീസർ തകരാറിലാണെന്നും ഇത് ശരിയാക്കാൻ ഉടമകളോട് ആവശ്യപ്പെട്ടിട്ട് നാളുകളായെന്നും ഷെഫ് മറുപടി നൽകി
ഇതിനുപിന്നാലെ അടുക്കളയിലേക്ക് മടങ്ങിയ ഷെഫിന് പുറകേയെത്തിയ മുഹമ്മദ് ഉവൈസ്, അവിടെയുണ്ടായിരുന്ന കത്തിയെടുത്ത് റിയാസിന്റെ കൈത്തണ്ടയിൽ വെട്ടുകയായിരുന്നു.
പരിക്കേറ്റ റിയാസിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങി. സംഭവത്തിൽ അങ്കമാലി പോലീസ് മുഹമ്മദ് ഉവൈസിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
































