മട്ടാഞ്ചേരി: കൊച്ചി ഫിഷറീസ് ഹാർബറിൽ പി.എൻ.വി (പഴയ വെള്ളം കോരി) വിഭാഗം കയറ്റിറക്ക് തൊഴിലാളികളുടെ കൂലിയെച്ചൊല്ലി തൊഴിലാളി യൂണിയനുകളും പേഴ്സ്സിൻ നെറ്റ് ബോട്ട് ഓണേഴ്സ് അസോസിയേഷനും തമ്മിലുണ്ടായിരുന്ന തർക്കത്തിന് തൊഴിൽ വകുപ്പിന്റെ ഇടപെടലിലൂടെ പരിഹാരം. ജില്ലാ ലേബർ ഓഫീസർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, ആകെ മത്സ്യബന്ധന മൂല്യത്തിന്റെ ഒരു ശതമാനം (1%) തൊഴിലാളികൾക്ക് വേതനമായി നൽകും. ലേബർ ഓഫീസറുടെ ഉത്തരവ് അംഗീകരിച്ച് വേതനം നൽകാൻ തയ്യാറാണെന്ന് പേഴ്സ്സിൻ നെറ്റ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഇതുവരെ നൽകാനുണ്ടായിരുന്ന മുഴുവൻ കൂലി കുടിശ്ശികയും വിതരണം ചെയ്തു കഴിഞ്ഞതായി അസോസിയേഷൻ അറിയിച്ചു. പുതിയ നിയമവും വ്യവസ്ഥകളും അംഗീകരിച്ച് വരും സീസൺ സമാധാനപരമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് എല്ലാ വിഭാഗം തൊഴിലാളികളും സഹകരിക്കണമെന്ന് ബോട്ട് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സിബി പുന്നൂസ് അഭ്യർത്ഥിച്ചു
തർക്കത്തിന് കാരണം:
ഹാർബറിലെ വെള്ളം കോരി വിഭാഗം എന്ന് നേരത്തെ അറിയപ്പെട്ടിരുന്ന പി.എൻ.വി കയറ്റിറക്ക് തൊഴിലാളികൾക്ക്, പിടിക്കുന്ന മത്സ്യത്തിന്റെ ആകെ മൂല്യത്തിന്റെ രണ്ട് ശതമാനമായിരുന്നു (2%) നേരത്തെ കൂലിയായി നൽകിയിരുന്നത്. മുൻപ് ഈ തുക ബോട്ടിലെ തൊഴിലാളികളും ഉടമകളും ചേർന്നാണ് നൽകിയിരുന്നത്. എന്നാൽ പിന്നീട് ബോട്ടിലെ തൊഴിലാളികൾ ഇതിൽ നിന്ന് പിന്മാറിയതോടെ മുഴുവൻ തുകയും ബോട്ടുടമകൾ തന്നെ നൽകേണ്ടി വന്നു.
ഡീസൽ വില വർദ്ധനവും മറ്റ് പ്രവർത്തന ചിലവുകളും കനത്ത തിരിച്ചടിയായതോടെ ഇത്രയും വലിയ തുക നൽകാൻ കഴിയില്ലെന്ന് ബോട്ടുടമകൾ നിലപാടെടുത്തു. പ്രവർത്തന ചിലവ് കഴിച്ചുള്ള തുകയുടെ രണ്ട് ശതമാനമോ, അല്ലെങ്കിൽ ആകെ ലഭിക്കുന്ന മത്സ്യത്തിന്റെ ഒരു ശതമാനമോ കൂലിയായി നൽകാം എന്ന ബോട്ടുടമകളുടെ നിർദ്ദേശം തൊഴിലാളികൾ എതിർത്തതോടെയാണ് തർക്കം രൂക്ഷമായത്.
കഴിഞ്ഞ സീസണിൽ തർക്കം മൂലം ഹാർബറിന്റെ പ്രവർത്തനം പൂർണ്ണമായി സ്തംഭിക്കുന്ന സാഹചര്യമുണ്ടായിരുന്നു. തുടർന്ന് ലേബർ ഓഫീസറുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ നടന്ന ഘട്ടങ്ങളായുള്ള ചർച്ചകൾക്കൊടുവിലാണ് ഇപ്പോൾ ശാശ്വതമായ പരിഹാരമായിരിക്കുന്നത്.

































