തൊടുപുഴ: ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ തത്സമയ സംപ്രേഷണത്തിനിടെ മങ്ങാട്ടുകവലയിൽ ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥർ അതിക്രമം കാട്ടിയെന്ന പരാതിയിൽ ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. സംഭവത്തിൽ ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സംസ്ഥാന പൊലീസ് മേധാവിയോട് (ഡി.ജി.പി) ഹൈക്കോടതി വിശദീകരണം തേടി.
കരിമണ്ണൂർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ എൻ.എസ്. റോയി, സിവിൽ പൊലീസ് ഓഫീസർ ജിജോ ആന്റണി എന്നിവർക്കാണ് ജസ്റ്റിസ് ജി. ഗിരീഷ് നോട്ടീസ് അയച്ചത്.
ലോകകപ്പ് ഫൈനൽ മത്സരം തത്സമയം പ്രദർശിപ്പിക്കുന്നതിനിടെ പൊലീസ് ജീപ്പിലെത്തിയ ഇരുവരും മദ്യലഹരിയിൽ അതിക്രമം കാട്ടിയെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. നാട്ടുകാർ നടത്തിയ തിരച്ചിലിൽ പൊലീസ് ജീപ്പിൽ നിന്ന് മദ്യക്കുപ്പി, ചീട്ടുകൾ, നിരോധിത പുകയില ഉൽപ്പന്നങ്ങൾ എന്നിവ കണ്ടെത്തിയിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ തൊടുപുഴ സർക്കിൾ ഇൻസ്പെക്ടർ ഇരുവരെയും ജില്ലാ ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ വാർത്താ ചാനലുകളിലും സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ, അതിക്രമം കാട്ടിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം ഹർജിക്കാരൻ ഉൾപ്പെടെ 208 പേർക്കെതിരെ പൊലീസ് കേസെടുക്കുകയാണുണ്ടായതെന്ന് ഹർജിയിൽ ആരോപിക്കുന്നു.
തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശി ശരത്ത് എം.എസ്, പെരുമ്പിള്ളിച്ചിറ സ്വദേശി കെ.എം. അൽത്താഫ് എന്നിവരാണ് കോടതിയെ സമീപിച്ചത്. ഹർജിക്കാർക്ക് വേണ്ടി അഡ്വ. പി.പി. താജുദീൻ ഹാജരായി.

































