എടത്വ: മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ആദ്യ കളിവള്ളം നീരണഞ്ഞതിന്റെ നൂറാം വാർഷികം നാടിന്റെ വലിയൊരു ആഘോഷമായി മാറി.
രാവിലെ 11-ന് നടന്ന ഫോട്ടോ പ്രദർശനം മാത്യൂസ് മാർ തേവദോസിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം മോൻസി സോണി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പാണ്ടങ്കരി സെന്റ് മേരീസ് ചർച്ച് വികാരി ഫാദർ ബിജി ഗീവർഗ്ഗീസ് സമൂഹ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

തുടർന്ന് നടന്ന സ്തോത്ര പ്രാർത്ഥനയ്ക്ക് സി.എസ്.ഐ. സഭ മുൻ മോഡറേറ്റർ ബിഷപ്പ് തോമസ് കെ. ഉമ്മൻ നേതൃത്വം നൽകുകയും, തലവടി സെന്റ് തോമസ് സി.എസ്.ഐ. ചർച്ച് വികാരി റവ. സോജി വർഗ്ഗീസ് ജോൺ അധ്യക്ഷത വഹിക്കുകയും ചെയ്തു. വഞ്ചിപ്പാട്ടിന്റെയും വാദ്യമേളങ്ങളുടെയും ആവേശത്തിൽ ‘ഷോട്ട് പുളിക്കത്ര’ കളിവള്ളം വീണ്ടും നീരണഞ്ഞപ്പോൾ നദിയുടെ ഇരുകരകളിൽ നിന്നും ആർപ്പുവിളികൾ ഉയർന്നു.
കളിവള്ളത്തിന് അകമ്പടിയായി ചെറുവള്ളങ്ങളുടെ ജലഘോഷയാത്ര പുളിക്കത്ര കടവിൽ എത്തിയപ്പോൾ, ഇളംതലമുറക്കാരായ ആദം ജോർജ്ജ് ചുമ്മാർ, ജോർജ്ജീന ചുമ്മാർ എന്നിവർ ചേർന്ന് പരമ്പരാഗത രീതിയിൽ നിറപറയൊരുക്കി നിലവിളക്ക് കൊളുത്തി തുഴച്ചിൽക്കാർക്ക് കാഴ്ചക്കുലയും അവലും നൽകി സ്വീകരിച്ചു.
തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം റെജി ചെറിയാൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എടത്വ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി ബിജോയി യോഗത്തിൽ അധ്യക്ഷത വഹിച്ചു. പാണ്ടങ്കരി സെന്റ് ജോർജ് ബോട്ട് ക്ലബിന്റെ നേതൃത്വത്തിൽ ഷോട്ട് പുളിക്കത്ര കളിവള്ളത്തിലെ ആദ്യകാല തുഴച്ചിൽക്കാരെ ജോർജ്ജ് ചുമ്മാർ മാലിയിലും, കളിവള്ള ശില്പി സാബു നാരായണനെ സംഘാടക സമിതി ചെയർമാൻ ഡോ. ജോൺസൺ വാലയിൽ ഇടിക്കുളയും ചേർന്ന് ആദരിച്ചു.

എടത്വ ഗ്രാമപഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റും, 1926-ൽ പുളിക്കത്ര കളിവള്ളം ആദ്യം നീരണിയിച്ച വ്യക്തിയുമായ എം.സി. ജോർജ് പുളിക്കത്രയുടെ ഫോട്ടോ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി ബിജോയി അനാച്ഛാദനം ചെയ്തു. ചമ്പക്കുളം മൂലം ജലോത്സവത്തിൽ ഷോട്ട് പുളിക്കത്ര കളിവള്ളത്തിൽ തുഴഞ്ഞ വെളിയനാട് ജയശ്രീ ബോട്ട് ക്ലബ് ഭാരവാഹികളെ സുശീല കുഞ്ഞച്ചൻ അനുമോദിച്ചു.
നെഹ്റു ട്രോഫി ജലമേളയിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ എന്ന നിലയിൽ ആദം ജോർജ്ജ് ചുമ്മാറിനെ മാത്യൂസ് മാർ തേവദോസിയോസ് മെത്രാപ്പോലീത്താ ചടങ്ങിൽ ആദരിച്ചു. ആഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ശതാബ്ദി സ്മരണിക കെ.ആർ.ബി.എ. മുൻ പ്രസിഡന്റ് അഡ്വ. ഉമ്മൻ എം. മാത്യൂ, കേരള കോൺഗ്രസ് പ്രവാസി സംഘടന പ്രസിഡന്റ് അഡ്വ. സഖറിയ കരുവേലിന് നൽകി പ്രകാശനം ചെയ്തു.
ചടങ്ങിൽ വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സി. മോനിച്ചൻ, എടത്വ ഗ്രാമപഞ്ചായത്ത് അംഗം ജി. ജയചന്ദ്രൻ, സംഘാടക സമിതി ജനറൽ കൺവീനർ റെജി എം. വർഗ്ഗീസ്, സംഘാടക സമിതി അംഗങ്ങളായ കെ.സി. സന്തോഷ്, പി.സി. ജോസഫ്, എൻ.ജെ. സജീവ്, അൽഫോൺസ് ആന്റണി, സുധീർ കൈതവന, ജേക്കബ് ചെറിയാൻ, കെ.എം. ജോബ് കന്യാക്കോണിൽ എന്നിവർ പ്രസംഗിച്ചു.

































