അടുത്തവർഷം നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഹൈദരാബാദിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് ഖാർഗെയുടെ വാക്കുകൾ. രാജ്യത്ത് ജനാധിപത്യത്തിന്റെ അടിത്തറ പാകിയത് കോൺഗ്രസാണ്. അതുകൊണ്ടുതന്നെ അവ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും കോൺഗ്രസിനാണെന്നും അദ്ദേഹം പറഞ്ഞു.
മഹാത്മാഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ നൂറാം വാർഷികമാണ് 2024ൽ. അടുത്തവർഷം ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കുന്നത് മഹാത്മാഗാന്ധിക്ക് നൽകുന്ന യഥാർഥ ആദരവായിരിക്കും അതെന്നും ഖാർഗെ പറഞ്ഞു. ബിജെപിയ്ക്കെതിരെ പോരാട്ടം ശക്തമാക്കാനുള്ള ആഹ്വാനവും കോഗ്രസ് അധ്യക്ഷൻ യോഗത്തിൽ നടത്തി.
രാജ്യം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ ഉന്നയിക്കാനും ബിജെപിയുടെ ജനവിരുദ്ധ നയങ്ങളും പോരായ്മകളും തുറന്നുകാട്ടണമെന്നും ഖാർഗെ ആവശ്യപ്പെട്ടു. കോൺഗ്രസിന്റെ മുഖ്യമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ പാർട്ടി അധ്യക്ഷന്മാരും യോഗത്തിൽ പങ്കെടുത്തിരുന്നു.
രാഹുൽ ഗാന്ധി വീണ്ടും കേരളത്തിൽ മത്സരിക്കണമെന്ന ആവശ്യം പ്രവർത്തക സമിതി യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് മുന്നോട്ടുവെച്ചിരുന്നു. രാഹുൽ മത്സരിക്കാൻ എത്തിയതിനാലാണ് കഴിഞ്ഞതവണ 19 സീറ്റും നേടിയത്. അയോഗ്യത വിഷയത്തിൽ രാഹൂലിന് അനുകൂല വികാരം കേരളത്തിൽ ഉയർന്നുവന്നിരുന്നെന്നും അദ്ദേഹം പറഞ്ഞു.































