ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള ചലച്ചിത്ര ആസ്വാദകരെ സങ്കടത്തിലാഴ്ത്തി മുതിർന്ന നടൻ സാം നീൽ (78) അന്തരിച്ചു. തിങ്കളാഴ്ചയായിരുന്നു അന്ത്യം. 2023-ൽ തനിക്ക് അതിവേഗം പടരുന്ന ‘ആൻജിയോ ഇമ്മ്യൂണോബ്ലാസ്റ്റിക് ടി-സെൽ ലിംഫോമ’ എന്ന ക്യാൻസർ ബാധിച്ച വിവരം അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. എന്നാൽ മരണസമയത്ത് അദ്ദേഹം ക്യാൻസർ മുക്തനായിരുന്നുവെന്ന് കുടുംബം പ്രസ്താവനയിലൂടെ അറിയിച്ചു. മരണത്തിന്റെ യഥാർത്ഥ കാരണം കുടുംബം വ്യക്തമാക്കിയിട്ടില്ല.
1990കളിലെ എക്കാലത്തെയും വലിയ വിജയചിത്രങ്ങളിലൊന്നായ ‘ജൂറാസിക് പാർക്കി’ലെ പാലിയന്റോളജിസ്റ്റ് ‘ഡോ. അലൻ ഗ്രാന്റ്’ എന്ന കഥാപാത്രത്തിലൂടെയാണ് സാം നീൽ ആഗോളതലത്തിൽ ജനപ്രിയനായത്. എന്നാൽ ഈ ചിത്രത്തിന് മുൻപുതന്നെ തികച്ചും വ്യത്യസ്തമായ വേഷങ്ങളിലൂടെ അദ്ദേഹം തന്റേതായ ഒരിടം സിനിമാലോകത്ത് കെട്ടിപ്പടുത്തിരുന്നു.
പ്രശസ്ത ബ്രിട്ടീഷ് ടെലിവിഷൻ പരമ്പരയായ ‘പീക്കി ബ്ലൈൻഡേഴ്‌സി’ലെ ആദ്യ രണ്ട് സീസണുകളിൽ സാം നീൽ അവതരിപ്പിച്ച ‘ചെസ്റ്റർ കാംബെൽ’ എന്ന ക്രൂരനായ ചീഫ് ഇൻസ്പെക്ടറുടെ വേഷം അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച വില്ലൻ കഥാപാത്രങ്ങളിലൊന്നാണ്. 1900കളുടെ തുടക്കത്തിൽ ഇംഗ്ലണ്ടിലെ ബെർമിങ്ഹാമിൽ തെരുവ് ഗുണ്ടാസംഘമായി തുടങ്ങി പിന്നീട് വലിയ കുറ്റകൃത്യങ്ങളിലേക്ക് വളർന്ന ഒരു സംഘത്തിന്റെ കഥ പറയുന്ന പീക്കി ബ്ലൈൻഡേഴ്സ്, 2013 മുതൽ 2022 വരെ ആറ് സീസണുകളിലായാണ് സംപ്രേഷണം ചെയ്തത്.
1947-ൽ വടക്കൻ അയർലൻഡിലെ ഒമാഗിൽ ജനിച്ച സാം നീൽ കുട്ടിക്കാലത്താണ് ന്യൂസിലാൻഡിലേക്ക് താമസം മാറുന്നത്. പിന്നീട് ന്യൂസിലാൻഡിലെ ഏറ്റവും പ്രശസ്തരായ അഭിനേതാക്കളിൽ ഒരാളായി അദ്ദേഹം മാറി. അഞ്ച് പതിറ്റാണ്ടിലധികം നീണ്ടുനിന്ന അഭിനയ ജീവിതത്തിൽ മൂന്ന് ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശങ്ങളും രണ്ട് എമ്മി നാമനിർദ്ദേശങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. പ്രേക്ഷകർക്ക് ഒട്ടേറെ അവിസ്മരണീയമായ കഥാപാത്രങ്ങൾ സമ്മാനിച്ചുകൊണ്ടാണ് സാം നീൽ വെള്ളിത്തിരയോട് വിടപറയുന്നത്































