കോൽക്കത്ത: ആർജി കാർ മെഡിക്കൽകോളജ് ആശുപത്രിയിൽ വനിതാ ഡോക്ടർ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിക്കുന്ന ജൂണിയർ ഡോക്ടർമാരെ വീണ്ടും ചർച്ചക്ക് ക്ഷണിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഇന്ന് വൈകുന്നേരം അഞ്ചിന് കാളിഘട്ടിലെ വസതിയിൽ വച്ച് കുടിക്കാഴ്ച നടത്താമെന്നാണ് മമത വ്യക്തമാക്കുന്നത്.
കുടിക്കാഴ്ച്ച നടത്താൻ സന്നദ്ധത അറിയിച്ച് ചീഫ് സെക്രട്ടറി മനോജ് പന്ത് ഡോക്ടർ മാർക്ക് ഇ-മെയിലയച്ചു. ഇത് അഞ്ചാമത്തെയും അവസാനത്തെയും തവണയാണ് ചർച്ചയ്ക്കായി ക്ഷണിക്കുന്നത് എന്ന മുന്നറിയിപ്പും മെയിലിലുണ്ട്. ഈ മാസം ഒമ്പതിലെ സുപ്രീംകോടതി നിർദേശപ്രകാരം ഡോക്ടർമാർ തങ്ങളുടെ ജോലിയിൽ പ്രവേശിക്കണമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കുന്നു.
നേരത്തെ, മുഖ്യമന്ത്രിയുമായുള്ള ചർച്ചകൾ തത്സമയം സംപ്രേഷണം ചെയ്യണമെന്ന ഡോക്ടർമാരുടെ ആവശ്യം സർക്കാർ നിഷേധിച്ചതോടെ ശനിയാഴ്ച നിശ്ചയിച്ച കൂടിക്കാഴ്ച മുടങ്ങിയിരുന്നു.
ഓഗസ്റ്റ് ഒമ്പതിനാണ് കോൽക്കത്തയിലെ സർക്കാർ നിയന്ത്രണത്തിലുള്ള ആർമ്മി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് 31 കാരിയായ ട്രെയിനി ഡോക്ടർ ക്രൂര പീഡനത്തിനിരയായി കൊലചെയ്യപ്പെട്ടത്. ഡോക്ടറെ ആശുപത്രിയിലെ സെമിനാർ ഹാളിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
ക്രൂരമായ പീഡനത്തിന് ശേഷമാണ് വനിതാ ഡോക്ടറെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. മരണത്തിന് മുന് ഇരയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവേറ്റിരുന്നു. വയറിലും കഴുത്തിലും വിരലിലുകളിലും മുറിവേറ്റിരുന്നു. സ്വകാര്യ ഭാഗങ്ങളിൽ കടുത്ത ക്ഷതവും രക്തസ്രാവവും ഉണ്ടായി. കണ്ണടപൊട്ടി രണ്ടു കണ്ണിലും ഗ്ലാസ് തറച്ചിരുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടി സംഭവവുമായി ബന്ധപ്പെട്ട് സഞ്ജയ് റോയ് എന്ന സിവിൽ വൊളണ്ടിയർ അറസ്റ്റിലായിരുന്നു.































