സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ പിൻവലിക്കുമെന്ന് പറഞ്ഞത് കർണാടകയിൽ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. മുസ്ലീം പ്രീണനമെന്നാണ് ബിജെപിയുടെആരോപണം. കർണാടകയിൽ ഹിജാബ് നിരോധനം നീക്കുന്നത് സംസ്ഥാനത്ത് ശരിയത്ത് നിയമം സ്ഥാപിക്കുന്നതിലേക്ക് നയിക്കുമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് ആരോപിച്ചു. പ്രതിപക്ഷം അധികാരത്തിൽ വന്നാൽ രാജ്യത്തുടനീളം ഇസ്ലാമിക നിയമം നടപ്പാക്കുമെന്നും അദ്ദേഹം ആരോപിച്ചു. “ഇത് ഹിജാബ് നിരോധനം നീക്കുക മാത്രമല്ല, സംസ്ഥാനത്ത് ശരിയത്ത് നിയമം സ്ഥാപിക്കുകയുമാണ്. രാഹുൽ ഗാന്ധിയും കോൺഗ്രസും ഇന്ത്യാ ബ്ലോക്കും ചേർന്ന് രാജ്യത്ത് സർക്കാർ രൂപീകരിച്ചാൽ ഇസ്ലാമിക നിയമം നടപ്പാക്കും. സനാതന ധർമ്മത്തെ തകർക്കാനുള്ള ആസൂത്രിത ഗൂഢാലോചനയാണിത്,” സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മുസ്ലീങ്ങളെ പ്രീണിപ്പിക്കാനാണ് ഹിജാബ് ധരിക്കുന്നതിനുള്ള വിലക്ക് നീക്കാൻ സിദ്ധരാമയ്യ പ്രസ്താവന നടത്തിയതെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയും ആരോപിച്ചു. “ഈ ഹിജാബ് തീരുമാനം പിൻവലിക്കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. മുസ്ലീങ്ങളെ തൃപ്തിപ്പെടുത്താനാണ് സിദ്ധരാമയ്യ ഇത് പറഞ്ഞത്. അദ്ദേഹം പ്രസ്താവന പിൻവലിക്കണം,” യെദ്യൂരപ്പ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം പിൻവലിക്കാനുള്ള തീരുമാനം നമ്മുടെ വിദ്യാഭ്യാസ ഇടങ്ങളുടെ മതേതര സ്വഭാവത്തെക്കുറിച്ച് ആശങ്ക ഉയർത്തുന്നതായി യെദ്യൂരപ്പയുടെ മകനും കർണാടക ബിജെപി അധ്യക്ഷനുമായ ബി വൈ വിജയേന്ദ്ര പറഞ്ഞു

































