അനന്ത് അംബാനിയുടെയും രാധികാ മർച്ചന്റിന്റെയും വിവാഹവിശേഷങ്ങൾ തുടരുകയാണ്. കഴിഞ്ഞ വർഷം ഡിസംബറിൽ നിശ്ചയത്തോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. ജൂലൈ 12 മുതൽ 14 വരെ നടക്കുന്ന ചടങ്ങുകളാണു പ്രധാനം. ജിയോ വേൾഡ് സെന്ററിലും അംബാനിയുടെ ആഡംബരവീടായ ആന്റിലിയയിലുമാണു മൂന്നു ദിവസത്തെ വിവാഹച്ചടങ്ങ്. ഏകദേശം 5000 കോടി രൂപയാണു വിവാഹ ആഘോഷത്തിനായി അംബാനി കുടുംബം ചെലവിടുന്നതെന്നാണു റിപ്പോർട്ട്.
2ന് ജിയോ വേൾഡ് സെൻ്ററിലെ ആഘോഷ പരിപാടികളാണു മുഖ്യാകർഷണം. 16,000ലേറെ പേർക്ക് ഇരിക്കാവുന്ന ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ രാഷ്ട്രീയ, കായിക, ബിസിനസ്, സിനിമാ രംഗത്തെ പ്രമുഖരാണു പങ്കെടുക്കുന്നത്. എല്ലാവർക്കും പ്രത്യേക വസ്ത്രധാരണ രീതിയുണ്ട്. വിരുന്നിനു ബെംഗളുരു ആസ്‌ഥാനമായ രാമേശ്വരം കഫേ ഉൾപ്പെടെയുള്ളവരാണ് ഭക്ഷണം ഒരുക്കുന്നത്. ശനിയാഴ്ചയാണ് ശുഭ് ആശിർവാദ് ദിനം. മതപരമായ ചടങ്ങുകൾക്കാണു പ്രാധാന്യം.

































