സംസ്ഥാനത്തെ അനധികൃത ചിട്ടി കമ്പനികള്‍ക്കെതിരെ ജാഗ്രത വേണമെന്ന് പൊലീസ്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തരുതെന്ന് ക്രൈം ബ്രാഞ്ച് മേധാവി അറിയിച്ചു. ആവശ്യമായ രേഖകള്‍ ഇല്ലാതെയും പുതുക്കാതെയും പ്രവര്‍ത്തിക്കുന്ന 168 സ്ഥാപനങ്ങളുടെ പട്ടികയും പൊലീസ് പ്രസിദ്ധീകരിച്ചു. തട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ബഡ്സ് നിയമ പ്രകാരം നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ക്രൈം ബ്രാഞ്ച് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അനധികൃത ചിട്ടി കമ്പനികള്‍ക്കെതിരെ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. പ്രസിദ്ധീകരിച്ച പട്ടികയിലുള്ള സ്ഥാപനങ്ങളുമായി സാമ്പത്തിക ഇടപാട് പാടില്ലെന്ന് ക്രൈം ബ്രാഞ്ച് മേധാവി അറിയിച്ചു. രജിസ്ട്രാര്‍ ഓഫ് കമ്പനി സര്‍ക്കാരിന് കൈമാറിയ കമ്പനികളുടെ പേര് പൊലീസിന്റെ ഔദ്യോഗിക സൈറ്റിലാണ് പ്രസിദ്ധീകരിച്ചത്. ഇത്തരം സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നത് സാമ്പത്തികത്തട്ടിപ്പിനും ചതിക്കും വഴിവയ്ക്കും. കഴിഞ്ഞ കുറച്ചുനാളുകളായി സംസ്ഥാനത്ത് സാമ്പത്തിക തട്ടിപ്പ് പരാതികള്‍ വ്യാപകമാവുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് വിശദ വിവരങ്ങളടക്കം പങ്കുവെച്ചുള്ള പൊലീസിന്റെ അറിയിപ്പ്.
പൊലീസ് പ്രസിദ്ധീകരിച്ച പട്ടിക ഇവിടെ പരിശോധിക്കാം..
ഇതിനിടെ ഓൺലൈൻ തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണമെന്ന് പൊലീസ് ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു.
നിങ്ങളുടെ അക്കൗണ്ടിലെ പണം തട്ടിയെടുക്കാനായി നിരവധി തന്ത്രങ്ങളാണ് ഓൺലൈൻ തട്ടിപ്പുകാർ ദിനംപ്രതി പരീക്ഷിക്കുന്നത്. മൊബൈൽ ഫോൺ സേവനം ലഭ്യമാക്കുന്ന കമ്പനികളുടെ പേരിലുള്ള തട്ടിപ്പുകളും ഇപ്പോൾ സജീവമാണ്.
മൊബൈൽ ഫോൺ സേവന ദാതാക്കളുടെ കസ്റ്റമർ കെയറിൽ നിന്നാണെന്നു പറഞ്ഞായിരിക്കും ഇവർ നിങ്ങളെ ബന്ധപ്പെടുക. നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ ഫോൺ നമ്പറിലേയ്ക്കുള്ള സേവനങ്ങൾ ചില സാങ്കേതികപ്രശ്നങ്ങൾ മൂലം നിർത്തേണ്ടിവരുന്നു എന്നാണ് ഇത്തരം വ്യാജ കസ്റ്റമർ കെയറിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന സന്ദേശം. ബാങ്കിങ് സേവനങ്ങൾ മുടങ്ങാൻ ഇടയാകും എന്നും ഇവർ അറിയിക്കുന്നു. ഇതൊഴിവാക്കാൻ ഒരു “അസിസ്റ്റ് ആപ്പ്” ഡൗൺലോഡ് ചെയ്ത് മൊബൈൽ നമ്പർ റീചാർജ് ചെയ്യാൻ ആവശ്യപ്പെടുന്നു.
ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഫോൺ റീചാർജ് ചെയ്യാനെന്ന വ്യാജേന തട്ടിപ്പുകാർ നിങ്ങളുടെ സ്വകാര്യ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തുകയും പണം തട്ടുകയും ചെയ്യുന്നു.
ശ്രദ്ധിക്കുക.































