പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 27ന് തലസ്ഥാനത്ത് എത്തും. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ സമാപന സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. സെൻട്രൽ സ്റ്റേഡിയത്തിലാണ് സമാപന സമ്മേളനം നടക്കുക. മറ്റ് ചില ഔദ്യോഗിക പരിപാടിയിൽ കൂടി പ്രധാനമന്ത്രി പങ്കെടുത്തേക്കുമെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനിയിട്ടില്ല. കഴിഞ്ഞ മാസം 17നാണ് അവസാനമായി മോദി കേരളത്തിലെത്തിയത്. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് പങ്കെടുക്കുന്നതിനായിരുന്നു പ്രധാനമന്ത്രി എത്തിയത്.
സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിൻ്റെ വിവാഹ ചടങ്ങിന് മുഖ്യകാർമികത്വം വഹിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. ചടങ്ങിൽ സജീവമായി പങ്കെടുത്ത മോദി തന്നെയാണ് വധൂരന്മാർക്ക് മാല എടുത്ത് നൽകിയതും. ചടങ്ങിൽ മലയാള സിനിമയിലെ വൻ താരനിരയും പങ്കെടുത്തിരുന്നു. മമ്മൂട്ടി, മോഹൻലാൽ, ജയറാം, ദിലീപ്, പാർവതി, ഖുശ്‌ബു, ബിജു മേനോൻ തുടങ്ങിയവർ ഉൾപ്പെടെ നിരവധി താരങ്ങളാണ് വിവാഹ ചടങ്ങിനെത്തിയത്. ചടങ്ങിൽ സംബന്ധിച്ച എല്ലാ പേരോടും പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കുകയും ചെയ്തിരുന്നു. രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയ അദ്ദേഹം ക്ഷേത്രദർശനം നടത്തിയ ശേഷമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.
ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് ശേഷം തൃപ്രയാർ ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തിയിരുന്നു. തുടർന്ന് കൊച്ചിയിലേക്ക് മടങ്ങിയെത്തി ഷിപ്പ് യാർഡിൽ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. മറൈൻ ഡ്രൈവിൽ നടക്കുന്ന ബിജെപിയുടെ ശക്തികേന്ദ്ര സമ്മേളനത്തിൽ പങ്കെടുത്ത ശേഷമാണ് ഡൽഹിയിലേക്ക് മടങ്ങിയത്.

































