തന്നെ ഭീരുവെന്ന് വിശേഷിപ്പിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്കു ഭയമുണ്ടോയെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരനോടു ചോദിച്ചാല്‍ മതിയെന്നു വര്‍ക്കലയിലെ നവകേരള സദസില്‍ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
ഞാന്‍ സതീശന്റെ അത്ര ധീരതയുള്ള ആളാണെന്ന് അവകാശപ്പെട്ടിട്ടില്ല. അത് സമൂഹം വിലയിരുത്തട്ടെ. സതീശന് പറഞ്ഞതുകൊണ്ട് ഞാന്‍ ഭീരുവോ അല്ലാതാവുകയോ ചെയ്യുന്നില്ല. നാണമുണ്ടോ ഭീരുവായ മുഖ്യമന്ത്രീ എന്നാണ് സതീശന് ചോദിക്കുന്നത്. ഏത് കാര്യത്തിനാണ് നാണിക്കേണ്ടത്. പൊതുപ്രവർത്തന രംഗത്ത് എനിക്ക് പോകേണ്ട സ്ഥലങ്ങളിലൊക്കെ പോയിട്ടുണ്ട്. അതൊന്നും പൊലീസ് സംരക്ഷണത്തിലല്ല, ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ പോയതാണ്. തോക്കിനെയും ക്രിമിനലുകളെയും ഗുണ്ടകളെയും നേരിട്ടുണ്ട്.
ക്രിമിനലുകളുടെ കൂടെ സഞ്ചരിക്കുന്നത് യൂത്ത് കോണ്‍ഗ്രസിനെ ഭയന്നിട്ടാണോ എന്ന ചോദ്യത്തിന് മറുപടി പറയുന്നില്ല. അവരുടെ ഒരു പ്രതാപ കാലമുണ്ടായിരുന്നു. പൊലീസിനെ കൂടെ നിര്‍ത്തി ഗുണ്ടകള്‍ അക്രമം അഴിച്ചുവിട്ടിരുന്ന കാലം. ആ കാലത്തും ഞാനതിലേയൊക്കെ നടന്നിട്ടുണ്ട്. എന്റെ നേരേ വെടിയുതിര്‍ത്ത സംഭവമുണ്ടായിട്ടുണ്ട്. അന്നും ഞാനതിലൂടെ നടന്നുപോയിട്ടുണ്ട്. ആ കാലത്ത് തന്നെ എനിക്കു നേരേ തോക്ക് ചൂണ്ടിയ സംഭവവും ഉണ്ടായിട്ടുണ്ട്. ആ ക്രിമിനൽ താവളത്തിന് മുന്നിലൂടെ ഒറ്റയ്ക്ക് നടന്നുപോയിട്ടുണ്ടെന്ന് സതീശന് മനസിലാക്കണം. യൂത്ത് കോണ്‍ഗ്രസിനെ ആ പ്രതാപകാലത്ത് ഭയപ്പെട്ടിട്ടില്ല. പിന്നെ ഇപ്പോ എന്ത് പ്രതാപമാണ് ഉള്ളതെന്ന് എല്ലാവര്ക്കും അറിയാലോ. അതുകൊണ്ട് വല്ലാതെ മേനിനടിക്കാന്‍ പുറപ്പെടേണ്ട- മുഖ്യമന്ത്രി പറഞ്ഞു.

































