സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊലപാതകികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഷാജി ആരോപിച്ചിട്ടുണ്ട്. മലപ്പുറം കൊണ്ടോട്ടി മുസ്ലിം ലീഗ് മുനിസിപ്പൽ സമ്മേളന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പ്രതിയായിരുന്ന കുഞ്ഞനന്തൻ ജയിലിൽ കഴിയുന്നതിനിടെ ഭക്ഷ്യവിഷബാധയേറ്റാണ് മരിച്ചത്
ഫസൽ കൊലക്കേസിലെ മൂന്നു പ്രതികളും കൊല്ലപ്പെട്ടു. കുറച്ചു പേരെ കൊല്ലാൻ വിടും. അവർ കൊലപാതകം നടത്തി തിരിച്ചു വരും. ഇവരിൽ നിന്ന് രഹസ്യം ചോരുമോ എന്ന് ഭയം വരുമ്പോൾ കൊന്നവരെ കൊല്ലും. ഫസൽ കൊലക്കേസിലെ മൂന്നു പേരെയും കൊന്നത് സിപിഎമ്മാണ്. ഷുക്കൂൽ കൊലക്കേസിലെ പ്രധാനപ്രതി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയെന്നും ഷാജി പറഞ്ഞു.
ടി.പി. വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ 2020 ജൂണിലാണ് കുഞ്ഞനന്തൻ മരണപ്പെട്ടത്. ടിപിയുടെ കൊലപാതകത്തിൽ കുഞ്ഞനന്തന് പങ്കില്ലെന്നാണ് സിപിഎം അവകാശപ്പെട്ടിരുന്നത്.

































