പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് മകൾ വീണയുടെ ഷെൽ കമ്പനിയിലേക്ക് കോടിക്കണക്കിന് രൂപ ലഭിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അന്വേഷണം അവസാനിക്കുന്നതുവരെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറി നിൽക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
മാസപ്പടി വിവാദം ഉണ്ടാകുന്നതിനു മുൻപ് 2021 ഒക്‌ടോബർ ഒന്നിന് കർണാടകത്തിലെ രജിസ്ട്രാർ ഓഫ് കമ്പനി എക്സാലോജിക്കിനോട് വിശദീകരണം ചോദിച്ചിരുന്നതായി വ്യക്തമാക്കുന്നുണ്ട്. എക്സാലോജിക് കമ്പനിയിലേക്ക് വിവിധ .ചാരിറ്റബിൾ സ്ഥാപനങ്ങളും കമ്പനികളും എല്ലാ മാസവും പണം അയയ്ക്കാറുണ്ടായിരുന്നെന്നും ആരാണ് പണം അയച്ചതെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടാണ് രജിസ്ട്രാർ ഓഫ് കമ്പനി എക്സാലോജിക്കിന് കത്ത് നൽകിയതെന്നും വിധിയിൽ പറയുന്നുണ്ട്. സിഎംആർഎൽ മാത്രമല്ല മറ്റു പല സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവർ എല്ലാ മാസവും പണം അയച്ചിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് വിധിയിലുള്ളത്. ഒരു സർവ്വീസും നൽകാതെ ഈ കമ്പനിയിലേക്ക് എങ്ങനെയാണ് പണമെത്തുന്നത്. ഇതേക്കുറിച്ച് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സതീശൻ പറഞ്ഞു.
കമിഴ്ന്നു വീണാൽ കാൽപ്പണവുമായി പൊങ്ങുന്ന അഴിമതിക്കാരാണ് കേരള സർക്കാരെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. സ്വർണക്കള്ളക്കടത്തിലും, ലൈഫ് മിഷനിലും, കെ ഫോണിലും മെഡിക്കൽ സർവീസസ് കോർപറേഷനിലും ഉൾപ്പെടെ എല്ലായിടത്തും അഴിമതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

































