കാസർഗോഡ്: കാൻസർ ബാധിച്ച് മരിച്ച വയോധികന്റെ മൃതദേഹം ഏറ്റെടുക്കാൻ കുടുംബം വിസമ്മതിച്ചപ്പോൾ, മകളുടെ സ്ഥാനത്തുനിന്ന് ഹൈന്ദവ ആചാരപ്രകാരം ശവസംസ്കാരം നടത്തി മുസ്ലിം ലീഗ് ജനപ്രതിനിധി മാതൃകയായി. മഞ്ചേശ്വരം ചിഗ്രുപാദവ് സ്വദേശിയായ നാരായണന്റെ (64) മൃതദേഹമാണ് കാസർഗോഡ് ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സണായ ഇർഫാന ഇഖ്ബാലിന്റെ നേതൃത്വത്തിൽ സംസ്‌കരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ വ്യാഴാഴ്ചയായിരുന്നു നാരായണന്റെ അന്ത്യം.
കടത്തിണ്ണയിൽ നിന്ന് ആശുപത്രിയിലേക്ക്, ഒടുവിൽ അന്ത്യയാത്രയും
ഏകദേശം ഒരു മാസം മുമ്പാണ് ഉപ്പളയിലെ ഒരു കടത്തിണ്ണയിൽ അതീവ ക്ഷീണിതനായ നിലയിൽ നാരായണനെ ഇർഫാനയും സംഘവും കണ്ടെത്തുന്നത്. ഉടൻ തന്നെ ചാരിറ്റബിൾ ഫൗണ്ടേഷൻ വോളന്റിയർമാരുടെ സഹായത്തോടെ പ്രാഥമിക പരിചരണം നൽകുകയും ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. വിശദമായ പരിശോധനയിലാണ് ഇദ്ദേഹത്തിന് ക്യാൻസറാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വയോധികന്റെ മരണവിവരം പോലീസ് ബന്ധുക്കളെ അറിയിച്ചെങ്കിലും മൃതദേഹം ഏറ്റെടുക്കാൻ അവർ തയ്യാറായില്ല. എന്നാൽ അന്ത്യകർമ്മങ്ങൾ ചെയ്യാനായി അവർ ഇർഫാനയ്ക്ക് അനുമതിപത്രം കൈമാറുകയായിരുന്നു. തുടർന്ന് ഇർഫാനയുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങുകയും ഉപ്പളയിലെ ഹിന്ദു പൊതുശ്മശാനത്തിൽ വച്ച് അദ്ദേഹത്തിന്റെ മതവിശ്വാസ പ്രകാരം അന്തിമ കർമ്മങ്ങൾ നടത്തുകയും ചെയ്തു.

ഉറ്റവാരും എത്തിയില്ല. ഒരു മകളുടെ സ്ഥാനത്ത് നിന്ന് നാരായണേട്ടന്റെ അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ചു. മതത്തിനും രാഷ്ട്രീയത്തിനും മുകളിലാണ് മനുഷ്യത്വം…”
— ഇർഫാന ഇഖ്ബാൽ (ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്)
പർദ്ദ ധരിച്ച ജനപ്രതിനിധി ഹൈന്ദവ ആചാരപ്രകാരം മരണാനന്തര ചടങ്ങുകൾ നിർവഹിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. അനാഥരായി ഉപേക്ഷിക്കപ്പെടുന്ന വയോധികർക്ക് തുടർന്നും കൈത്താങ്ങാവാൻ താൻ ആഗ്രഹിക്കുന്നതായി ഇർഫാന വ്യക്തമാക്കുന്നു. ചാരിറ്റബിൾ ഫൗണ്ടേഷനിലെ അന്തേവാസികൾ മരണപ്പെടുമ്പോൾ അവരുടെ സ്വന്തം മതവിശ്വാസപ്രകാരം അന്ത്യകർമ്മങ്ങൾ നടത്താറുള്ളതിനാൽ തന്റെ സമുദായത്തിൽ നിന്ന് ഇതിനെതിരെ എതിർപ്പുകളൊന്നും ഉണ്ടായിട്ടില്ലെന്നും ഇർഫാന കൂട്ടിച്ചേർത്തു.
































