മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മീരാ ജാസ്മിൻ. ചുരുങ്ങിയ കാലത്തെ സിനിമാ ജീവിതത്തിനിടയിൽ മലയാളം കടന്ന് തെന്നിന്ത്യൻ ഭാഷകളിൽ എല്ലാം മാറ്റുരച്ച മീര, വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടു നിന്നു.സത്യൻ അന്തിക്കാട്-ജയറാം ചിത്രമായ ‘മകളി’ലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തിയ മീരയുടെ ഏറ്റവും പുതിയ ചിത്രം ‘ക്വീൻ എലിസബത്ത്’ റിലീസിന് ഒരുങ്ങുകയാണ്. എം പദ്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 29 നു പ്രേക്ഷകർക്ക് മുന്നിൽ എത്തും.
‘അച്ചുവിന്റെ അമ്മ,’ ‘മിന്നാമിന്നികൂട്ടം’ എന്നീ ചിത്രങ്ങളിൽ മീരയുടെ ഒപ്പം അഭിനയിച്ചിട്ടുള്ള നരെയ്ൻ ആണ് ഈ ചിത്രത്തിലെ നായകൻ. ബ്ലൂ മൗണ്ട് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എം.പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് മീര ജാസ്മിൻ ഇപ്പോൾ. ഇൻസ്റ്റഗ്രാമിൽ സജീവയായ താരം തന്റെ ധാരാളം ഫോട്ടോസും വിഡിയോസും ഒക്കെ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്.

ഇതിൽ എല്ലാം ആരാധകർ കമന്റ് ചെയ്യുന്നത് മീരയുടെ ലൂക്കിനെ കുറിച്ചാണ്. ഇതെന്താ പ്രായമാവാത്തത്?, മമ്മൂട്ടിയെപ്പോലെയാണല്ലോ ഇത് പ്രായമാവുന്നില്ലല്ലോ, മീരയാണ് എന്ന് പറഞ്ഞത് നന്നായി, ഇല്ലെങ്കിൽ ഏതെങ്കിലും കോളേജ് കുട്ടി എന്നേ കരുത്തുമായിരുന്നുള്ളൂ,’ എന്നൊക്കെ.
ജാസ്മിൻ മേരി ജോസഫ് എന്നാണ് മീര ജാസ്മിന്റെ യഥാർത്ഥ പേര്. 2001ൽ ചങ്ങനാശ്ശേരി അസ്സംപ്ഷൻ കോളേജിൽ സുവോളജി ബിരുദത്തിനു പഠിച്ചു കൊണ്ടിരുന്ന സമയത്താണ് ലോഹിതദാസ് ‘സൂത്രധാരൻ’ എന്ന സിനിമയിൽ നായിക ആയി മീരയെ സിനിമയിൽ അവതരിപ്പിയ്ക്കുന്നത്.
ആദ്യ ചിത്രം കൊണ്ട് തന്നെ പ്രേക്ഷക-നിരൂപകശ്രദ്ധ നേടിയ മീര, തുടർന്ന് കമൽ, ടി വി ചന്ദ്രൻ, സത്യൻ അന്തിക്കാട്, ശ്യാമപ്രസാദ്, ബ്ലെസ്സി തുടങ്ങിയ മുൻനിര സംവിധായകരുടെ സിനിമകളിൽ മികച്ച അഭിനയം കാഴ്ച വച്ചു.
‘കസ്തൂരിമാനിലെ’ അഭിനയത്തിന് ഫിലിം ഫെയർ പുരസ്കാരം നേടിയ മീര, ‘പാഠം ഒന്ന് ഒരു വിലാപം’ എന്ന സിനിമയിലെ, കൗമാരവിവാഹത്തിനു വിധേയ ആകേണ്ടി വന്ന 15 വയസ്സുകാരിയുടെ വേഷം തന്മയത്വത്തോടെ അവതരിപ്പിച്ചതിനു ആ വർഷത്തെ മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന പുരസ്കാരവും ദേശീയ പുരസ്കാരവും മറ്റ് ഒട്ടേറെ പുരസ്കാരങ്ങളും നേടി.

മമ്മൂട്ടിയെ നായകനാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ഒരേ കടലി’ലെ അഭിനയത്തിന് 2007ലെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരവും നേടി. സുനിൽ ഗംഗോപാധ്യായയുടെ ‘ഹീരക് ദീപ്തി’ എന്ന ബംഗാളി നോവലിനെ അടിസ്ഥാനമാക്കിയ ചിത്രത്തിൽ ദീപ്തി എന്ന വീട്ടമ്മയുടെ വേഷമാണ് മീര അവതരിപ്പിച്ചത്.
പത്തനംതിട്ടയിലെ തിരുവല്ല സ്വദേശിനിയാണ്. 2014 ഫെബ്രുവരി 12ന് ദുബായിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായ, തിരുവനന്തപുരം നന്ദാവനം സ്വദേശി അനിൽ ജോൺ ടൈറ്റസിനെ വിവാഹം കഴിച്ചു.

































