റോഡ് അതിർത്തിയിൽ നിന്നുള്ള കെട്ടിടങ്ങളുടെ ദൂര പരിധി മൂന്ന് മീറ്ററിൽ നിന്നും രണ്ട് മീറ്ററാക്കി കെട്ടിട ചട്ടങ്ങൾ ഭേദഗതി വരുത്തിയത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും.കേരളത്തിൻ്റെ വിവിധ കോർപ്പറേഷൻ,നഗരസഭ,പഞ്ചായത്തുകളിൽ കേരള കെട്ടിട നിർമാണ ചട്ടം 220 (ബി) ലംഘിച്ച് നിർമിച്ച കെട്ടിടങ്ങൾ ഒട്ടനവധിയുണ്ട് .ഈ കെട്ടിടങ്ങളെ അനധികൃത കെട്ടിട നിർമാണങ്ങളിൽ ഉൾപ്പെടുത്തി നമ്പർ ക്രമീകരിക്കാതെ കിടക്കുകയും ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ട്രൈബ്യൂണലിലും ഹൈക്കോടതിയിലും ഒട്ടനവധി കേസുകൾ നിലവിലുണ്ട്. റോഡ് അതിർത്തിയിൽ നിന്നും മൂന്ന് മീറ്റർ മാറി മാത്രമേ കെട്ടിടം നിർമിക്കാൻ പാടുള്ളൂ എന്ന നിലവിലെ ചട്ടത്തിൽ ഭേദഗതി വരുത്തി പഞ്ചായത്ത് പ്രദേശത്ത് 1919 നവംബർ ഏഴിനോ അതിനു മുമ്പോ നിർമാണം നടന്നതോ പൂർത്തീകരിച്ചതോ ആയ അനധികൃത നിർമാണങ്ങൾക്ക് ചട്ടം ബാധകമാണ്. അപായ സാധ്യത കുറഞ്ഞ കെട്ടിടങ്ങളുടെ റോഡ് അതിർത്തിയും കെട്ടിടവും തമ്മിൽ കുറഞ്ഞത് രണ്ട് മീറ്റർ അകലം പാലിച്ചാൽ മതിയെന്ന് ഫെബ്രുവരി ഒന്നിന് വിജ്ഞാപനം ചെയ്ത കേരള പഞ്ചായത്ത് കെട്ടിട ചട്ടം അനധികൃത നിർമാണ ക്രമീകരണം വ്യക്തമാക്കുന്നു.
1994 – ലെ കേരള പഞ്ചായത്ത് രാജ് നിയമം 220 (ബി) പ്രകാരം നേരത്തെ റോഡ് അതിർത്തിയിൽ നിന്നും മൂന്ന് മീറ്റർറിന് ഉള്ളിൽ കെട്ടിടമോ ചുറ്റുമതിലല്ലാത്ത നിർമാണമോ നടത്താൻ പാടില്ലയെന്ന വ്യവസ്ഥ ഇതോടുകൂടി മാറി.ഭാവിയിൽ സംസ്ഥാനത്തെ റോഡുകളുടെ വികസനത്തെ ഇതു കാര്യമായി ബാധിക്കും.വൻ കിട കെട്ടിടങ്ങൾക്ക് നിയമ വിരുദ്ധമായി പണി കഴിപ്പിച്ച് നമ്പർ ക്രമീകരിക്കാതെ കിടക്കുന്ന കെട്ടിടങ്ങൾക്ക് ഈ നിയമ ഭേദഗതിയുടെ മറവിൽ നമ്പർ ക്രമീകരിച്ച് നൽകി അഴിമതി നടത്തുക മാത്രമാണ് ഈ ഭേദഗതികൊണ്ട് ഉദ്ദേശിക്കുന്നത്.
പഞ്ചായത്ത് രാജ് നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്താതെ ചട്ടമായി ഇറക്കിയത് നിയമ വിരുദ്ധമാകുന്നു .ആരെങ്കിലും കോടതിയെ സമീപിച്ചാൽ നിയമ ഭേദഗതി വരുത്താത്തതിനാൽ ഈ ഇളവുകൾക്ക് ഒരു നിയമ സാധ്യതയുമില്ലെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. 1994 -ലെ കേരള പഞ്ചായത്ത് രാജ് ആക്ട് 220 (ബി) വകുപ്പിനു വിരുദ്ധമായി പണിതിരിക്കുന്ന അനധികൃത കെട്ടിടങ്ങളിൽ നല്ലൊരു ശതമാനവും ഈ ഭേദഗതിയുടെ മറവിൽ നിയമ കുരുക്കിൽ നിന്നും രക്ഷപ്പെടും
അപായ സാധ്യത കുറഞ്ഞ കെട്ടിടങ്ങളുടെ റോഡ് അതിർത്തിയും കെട്ടിടവും തമ്മിൽ കുറഞ്ഞത് രണ്ട് മീറ്റർ അകലം പാലിക്കണമെന്ന് പുതിയ ചട്ടത്തിൽ പറയുന്നു. ചട്ടത്തിൽ അനുശാസിക്കുന്ന വിധം അധികമായി കോമ്പൗണ്ടിങ് ഫീസ് അടക്കണം. ഭാവിയിൽ കെട്ടിടം പൂർണ്ണമായോ ഭാഗികമായോ ഏറ്റെടുക്കുന്ന സമയത്ത് കെട്ടിട ഉടമ ക്രമീകരിച്ച് കെട്ടിടത്തിനായി നഷ്ട പരിഹാരം ആവിശ്യപ്പെടില്ല എന്ന തരത്തിൽ കെട്ടിട ഉടമയും തദ്ദേശ സ്ഥാപന സെക്രട്ടറിയും തമ്മിൽ കരാർ രജിസ്റ്റർ ചെയ്യണം അങ്ങനെയെങ്കിൽ റോഡ് അതിർത്തിയും കെട്ടിടവും തമ്മിലെ അകലത്തിലെ കുറവിൽ 1 മീറ്റർ ഇളവ് അനുവദിക്കാമെന്നും പുതുക്കിയ ചട്ടത്തിൽ വ്യവസ്ഥ ചെയ്യുന്നു. ഈ ഭേദഗതി എന്തിൻ്റെ അടിസ്ഥാനത്തിലാണ് വളരെ ധൃതി പിടിച്ച് കൊണ്ടുവന്നതെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല.സർക്കാർ ഈ കാര്യത്തിൽ ഒരു പുനർ ചിന്തനം നടത്തണം
.

































