തൃശ്ശൂർ: എടമുട്ടം കൊല്ലാറ സ്വദേശിനി ജ്യോതി (32), മകൻ എന്നിവരെ നഗരത്തിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പാവറട്ടി സ്വദേശിയായ ഓട്ടോഡ്രൈവറെയാണ് ഈസ്റ്റ് പോലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തത്.
യുവതിയും ഈ ഓട്ടോഡ്രൈവറും തമ്മിൽ ദീർഘനാളായി സൗഹൃദത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവർ മുൻപും പലപ്പോഴായി ഈ ലോഡ്ജിൽ മുറിയെടുക്കാറുണ്ടായിരുന്നതായി ജീവനക്കാർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. രണ്ടു വർഷം മുൻപ് ഇയാൾക്കെതിരേ ജ്യോതി പോലീസിൽ പീഡനപരാതി നൽകിയിരുന്നതായും വിവരമുണ്ട്.
ദുരൂഹതയുണർത്തി സുഹൃത്തിന്റെ ഇടപെടൽ
യുവതിയെയും കുഞ്ഞിനെയും ലോഡ്ജിലാക്കി താൻ പുറത്തുപോയതാണെന്നും, പിന്നീട് ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയതാണെന്നുമാണ് സുഹൃത്ത് പോലീസിനോട് പറഞ്ഞത്. ഇയാൾ ലോഡ്ജിലെത്തി മുറി തുറക്കാൻ ശ്രമിച്ചെങ്കിലും അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് ഇയാൾ തന്നെയാണ് പോലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരമറിയിച്ചത്. ഉദ്യോഗസ്ഥരെത്തി വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ലോഡ്ജ് ജീവനക്കാരുടെ മൊഴി:
മരിച്ച ജ്യോതി ഗർഭിണിയായിരുന്നു എന്ന വിവരം തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നാണ് ലോഡ്ജ് ജീവനക്കാർ പോലീസിന് നൽകിയ മൊഴി.
വിവാഹബന്ധം വേർപെടുത്തി ജീവിക്കുകയായിരുന്നു ജ്യോതി. യുവതിയുടെയും കസ്റ്റഡിയിലുള്ള സുഹൃത്തിന്റെയും വീടുകൾ കേന്ദ്രീകരിച്ച് ഈസ്റ്റ് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പോലീസ്.






























