തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ട എം എസ് സി – അദാനി കരാറിൽ ഷെയർ കൈമാറണമെങ്കിൽ സർക്കാർ അനുമതി വേണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇതിനുള്ള അനുമതി അദാനി ഗ്രൂപ്പ് ഇതുവരെ നേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഷെയർ കൈമാറ്റത്തെക്കുറിച്ചുള്ള വിവരങ്ങൾ മാധ്യമ വാർത്തകളിലൂടെയാണ് അറിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റത്തെ കുറിച്ച് സർക്കാരിന് മുന്നിൽ നിലവിൽ ഫയലുകളൊന്നും വന്നിട്ടില്ല. ഫയൽ ഔദ്യോഗികമായി മുന്നിൽ വന്നാൽ അത് പരിശോധിക്കുമെന്നും അദ്ദേഹം സഭയെ അറിയിച്ചു. വിഴിഞ്ഞം തുറമുഖം മാത്രമല്ല, കോഴിക്കോട്ടെ ബേപ്പൂർ തുറമുഖവും സർക്കാർ വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വരുമോ വിഴിഞ്ഞത്ത് വമ്പൻ നിക്ഷേപം?
വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസനത്തിനായാണ് അദാനി ഗ്രൂപ്പും ആഗോള ഷിപ്പിംഗ് ഭീമന്മാരായ എം എസ് സിയും (MSC) തമ്മിലുള്ള വമ്പൻ കൈകോർക്കലിന് വഴിയൊരുങ്ങുന്നത്. എം എസ് സിയുടെ ടെർമിനൽ വിഭാഗമായ ടിഐഎൽ (Terminal Investment Limited – TIL) 13,000 കോടി രൂപ നിക്ഷേപിച്ച് വിഴിഞ്ഞത്തിന്റെ 49 ശതമാനം ഓഹരികൾ സ്വന്തമാക്കാനാണ് നീക്കം.
ആകെ 27,000 കോടി രൂപ മൂല്യമുള്ളതാണ് ഈ വികസന പദ്ധതി. നിലവിൽ 16 ലക്ഷം ടിഇയു (TEU) ശേഷിയുള്ള വിഴിഞ്ഞം തുറമുഖത്തെ 2028 ഡിസംബറോടെ 57 ലക്ഷം ടിഇയു ശേഷിയിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം.
ആരാണ് ടിഐഎൽ?
ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ടെർമിനൽ ഓപ്പറേറ്റർമാരിലൊന്നാണ് ടിഐഎൽ. ലോകമെമ്പാടുമായി നൂറിലധികം കണ്ടെയ്നർ ടെർമിനലുകളും പ്രതിവർഷം 70 ദശലക്ഷത്തിലധികം ടിഇയു ചരക്കുനീക്ക ശേഷിയും ഇവർക്കുണ്ട്.
എം എസ് സിയുമായുള്ള പങ്കാളിത്തം വഴി പ്രധാന ആഗോള വിപണികളിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം കൂടുതൽ ശക്തിപ്പെടുത്താൻ കഴിയുമെന്നാണ് അദാനി ഗ്രൂപ്പിന്റെ പ്രതീക്ഷ. മുന്ദ്ര, എന്നൂർ തുറമുഖങ്ങളിലും നിലവിൽ അദാനിയും എം എസ് സിയും തമ്മിൽ വിജയകരമായ സഹകരണമുണ്ട്. ഇതിന് പിന്നാലെയാണ് വിഴിഞ്ഞത്തേക്കും ഈ സഖ്യം എത്തുന്നത്. എന്നാൽ ഇതിന് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക അനുമതി കൂടി അനിവാര്യമാണ്.






























