ശബരിമല: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡംഗം എ. അജികുമാർ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രത്യേക അന്വേഷണ സംഘം (SIT). പ്രതികളെ റിമാൻഡ് ചെയ്യുന്നതിനായി കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് അന്വേഷണ സംഘത്തിന്റെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകൾ ഉള്ളത്.
2019-ൽ നടന്ന സ്വർണക്കൊള്ള മറച്ചുവെക്കാനും വീണ്ടും സ്വർണം തട്ടിയെടുക്കാനുമാണ് 2025-ൽ സ്വർണം പൂശലിന്റെ മറവിൽ നീക്കം നടന്നതെന്ന് റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു. സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളുടെ താങ്ങുപീഠങ്ങളിൽ നിന്നാണ് പ്രതികൾ സ്വർണം അപഹരിച്ചത്. ഇത് വീണ്ടും തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് 2025-ൽ സ്വർണപ്പാളികൾ വീണ്ടും സ്വർണം പൂശാനായി കൊണ്ടുപോയത്.
വ്യാജ കരാറും ഗൂഢാലോചനയും
മറ്റ് പ്രധാന പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, മുരാരി ബാബു എന്നിവരുമായി പി.എസ്. പ്രശാന്തും അജികുമാറും നേരിട്ട് ഗൂഢാലോചന നടത്തിയാണ് സ്വർണം പൂശാൻ തീരുമാനമെടുത്തത്. സന്നിധാനത്തുനിന്ന് സ്വർണപ്പാളികൾ കൊണ്ടുപോയത് വ്യാജ കരാർ ഉണ്ടാക്കിയാണെന്നും ഇതിനായി ദേവസ്വം ബോർഡ് എല്ലാ ഒത്താശകളും ചെയ്തു നൽകിയെന്നും എസ്.ഐ.ടി ആരോപിക്കുന്നു.
കേസിലെ 17-ാം പ്രതിയായ പി.എസ്. പ്രശാന്തും 18-ാം പ്രതിയായ എ. അജികുമാറും മറ്റു പ്രതികളുടെ കുറ്റകൃത്യങ്ങൾ മറച്ചുവെക്കാൻ സഹായിക്കുന്ന രീതിയിൽ ബോർഡ് ഉത്തരവുകൾ ഇറക്കുകയായിരുന്നു. ഇതിലൂടെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കും 12–ാം പ്രതി പങ്കജ് ഭണ്ഡാരിക്കും അനർഹമായ ലാഭമുണ്ടാക്കാൻ ഇരുവരും വഴിവിട്ട് സഹായിച്ചതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.































