ആലുവ: നിരവധി കവർച്ച കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. തൃശൂർ മതിലകം കെട്ടിച്ചിറ ഭാഗത്ത് കോഴിശ്ശേരി വീട്ടിൽ വിഷ്ണു (36) വിനെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ജൂലൈയിൽ ആലുവ ബാങ്ക് കവല ഭാഗത്തുള്ള ബാറിൽ ആലപ്പുഴ സ്വദേശിയായ യുവാവിനെ ദേഹോപദ്രവം ചെയ്ത് മൊബൈൽ ഫോൺ കവർച്ച ചെയ്തിരുന്നു. കൂടാതെ യുവാവിന്റെ ബന്ധുവിന്റെ പണവും ഇയാൾ കൈക്കലാക്കിയിരുന്നു.

സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെ ഒളിവിൽ പോകുകയായിരുന്നു. പ്രതിക്കെതിരെ ആലുവ ഈസ്റ്റ്, തൃശൂർ ജില്ലയിലെ കാട്ടൂർ, കളമശ്ശേരി, എടത്തല, തിരുവനന്തപുരം മെഡിക്കൽ കോളജ് എന്നീ പൊലീസ് സ്റ്റേഷനുകളിൽ കവർച്ച, ആയുധ നിയമം എന്നീ വകുപ്പുകൾ പ്രകാരം നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.































