കൊച്ചി: എറണാകുളം ലക്ഷ്മി ഹോസ്പിറ്റൽ സ്ഥാപകയും പ്രമുഖ ഗൈനക്കോളജിസ്റ്റുമായ ഡോ. ശാന്ത വാര്യർ (84) നിര്യാതയായി. വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു.
തിരൂർ തൃക്കണിയൂർ തിരുമുപ്പത്ത് വാര്യത്തെ ശങ്കുണ്ണി വാര്യരുടെയും അമ്മിണി വാരസ്യാരുടെയും മകളാണ്. 1963ൽ മെഡിക്കൽ ബിരുദം നേടിയ ശേഷം കുറച്ചുകാലം സർക്കാർ സർവിസിൽ സേവനമനുഷ്ഠിച്ചു. ലണ്ടനിലെ ഉപരിപഠനത്തിനുശേഷം 1979ൽ നാട്ടിലെത്തി ഭർത്താവ് ഡോ കെ.കെ. രാഘവ വാര്യരോടൊപ്പം സ്ത്രീകൾക്കും കുട്ടികൾക്കുമായി ലക്ഷ്മി ഹോസ്പിറ്റലിന് തുടക്കമിട്ടു. അരനൂറ്റാണ്ട് നീണ്ട ഔദ്യോഗിക ജീവിതത്തിൽ 30,000ത്തോളം പ്രസവങ്ങൾ വിദഗ്ധമായി കൈകാര്യം ചെയ്ത ഡോ. ശാന്ത, സ്ത്രീകളുടെ ആരോഗ്യപരിചരണത്തിന് സ്വയം സമർപ്പിച്ച വ്യക്തിയായിരുന്നു. ആധുനിക സാങ്കേതിക വിദ്യകളുടെ കാലത്തും ക്ലിനിക്കൽ ഡയഗ്നോസിസിന്റെ പ്രാധാന്യം അവർ എടുത്തുപറഞ്ഞിരുന്നു.
മക്കൾ: പ്രദീപ് വാര്യർ (അഡ്മിൻ ഡയറക്ടർ, ലക്ഷ്മി ഹോസ്പിറ്റൽ), ഡോ. പ്രമോദ് വാര്യർ (പീഡിയാട്രീഷൻ ആന്‍ഡ് മെഡിക്കൽ ഡയറക്ടർ, ലക്ഷ്മി ഹോസ്പിറ്റൽ). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കോലഞ്ചേരി കറുകപ്പിള്ളി വാരിയത്ത് നടക്കും.






























