സൈബർ പൊലീസ് ആവശ്യപ്പെട്ട രേഖകൾ കോടതിയുടെ കർശന നിലപാടിനെ തുടർന്ന് ഫെയ്സ്ബുക് കൈമാറി രേഖകൾ കൈമാറാൻ വിസമ്മതിച്ച ഫെയ്സ്ബുക്കിനെതിരെ നടപടിയെടുക്കണമെന്ന പ്രോസിക്യൂഷൻ വാദം കോടതി പരിഗണിക്കാനിരിക്കേയാണു നടപടി. ഇന്ത്യയിൽ ആദ്യമായാണു ഫെയ്സ്ബുക് അവരുടെ ഉപഭോക്താവിൻ്റെ വ്യക്തിവിവരങ്ങൾ കോടതി നിർദേശത്തെ തുടർന്നു കൈമാറുന്നതെന്നു പൊലീസ് പറഞ്ഞു.
ഇതിനിടെ മറ്റൊരു കേസിൽ, ഫെയ്സ്ബുക് ഉടമകളായ മെറ്റയുടെ സഹകമ്പനിയായ വാട്സാപ്പിനെതിരായ കോടതി നടപടികൾ ഹൈക്കോടതി താൽക്കാലികമായി മരവിപ്പിച്ചു. ഇക്കാര്യം വാട്സാപ്പിന്റെ അഭിഭാഷകൻ അഡിഷനൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് എൽസ കാതറിൻ ജോർജിനെ അറിയിച്ചു. ഇരു കേസുകളും എൽസ കാതറിൻ ജോർജാണു പരിഗണിച്ചത്
മനഃശാസ്ത്രജ്ഞയുടെ ഫെയ്സ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്ത് അതിലൂടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച ഹാക്കറുടെ വിവരം ലഭ്യമാക്കണമെന്ന സൈബർ പൊലീസിൻ്റെ ആവശ്യം ആദ്യം മെറ്റ അംഗീകരിച്ചിരുന്നില്ല. കോടതിയുടെ കർശന നിലപാടിനെ തുടർന്നാണ് വിവരങ്ങൾ കൈമാറിയത്. പാക്കിസ്ഥാനിൽ നിന്നുള്ള ഐപി മേൽവിലാസം ഉപയോഗിച്ചാണ് അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചത്. കിളിമാനൂരിലെ വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചവരുടെ വിവരങ്ങൾ വാട്സാപ് നൽകാത്തതിനാൽ കമ്പനിയുടെ ഇന്ത്യൻ മേധാവി നേരിട്ടെത്തി വിശദീകരണം നൽകണമെന്ന് കോടതി നേരത്തേ നിർദേശിച്ചിരുന്നു. ഉപഭോക്താവിന്റെറെ വിവരങ്ങൾ നൽകാൻ സാധിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു വാട്സാപ്
ഇന്ത്യയിൽ പ്രവർത്തിക്കുമ്പോൾ രാജ്യത്തെ നിയമങ്ങൾ അനുസരിക്കണമെന്നും കോടതി ഉത്തരവിനെതിരെ നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന വാട്സാപ്പിനെതിരെ വാറന്റ് പുറപ്പെടുവിക്കണം എന്നുമായിരുന്നു സൈബർ പൊലീസിന്റെ ആവശ്യം. വാട്സാപ് മേധാവി നേരിട്ട് ഹാജരാകണമെന്ന കോടതിയുടെ ഉത്തരവും തുടർ നടപടികളും ഹൈക്കോടതി സ്റ്റേ ചെയ്ത വിവരം വാട്സാപ്പിൻ്റെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കി

































