കൊച്ചി: സംസ്ഥാനത്ത് നാട്ടാനകൾ ക്രൂരമായി പീഡിപ്പിക്കപ്പെടുമ്പോഴും കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നത് വിരളമായ കേസുകളിൽ മാത്രം.കേരളത്തിലെ ആനകളുടെ പരിപാലനവുമായി ബന്ധപ്പെട്ട് ജനനം മുതൽ മരണം വരെയുള്ള കാര്യങ്ങൾ നിയന്ത്രിക്കുന്നതിന് വേണ്ടി കേരള സർക്കാർ നാട്ടാന പരിപാലന ചട്ടങ്ങൾ 2003-ൽ നടപ്പിലാക്കി. 2012-ൽ ഈ ചട്ടങ്ങളിൽ ചില മാറ്റങ്ങൾ പുതുക്കി വിജ്ഞാപനം ചെയ്തിട്ടുണ്ട് .ആനകളെ വളർത്തുമ്പോളുള്ള വിവിധ കാര്യങ്ങളെ പറ്റിയുള്ള വിശദമാക്കുന്ന മാർഗ നിർദ്ദേശം ഈ ചട്ടത്തിൽ ഉണ്ടെങ്കിൽ തന്നെയും ആനകളെ തല്ലി ചതച്ച കേസുകളിൽ 2015 മുതൽ ആരെയും ശിക്ഷിച്ചിട്ടില്ല. 37 കേസുകളിൽ കോടതി നടപടികൾ ഇപ്പോഴും തുടരുകയാണ്. മാധ്യമ ശ്രദ്ധ നേടുമ്പോഴും ജനങ്ങൾ രോക്ഷാകുലരാകുമ്പോഴും മാത്രമാണ് ചില സന്ദർഭങ്ങളിൽ കേസുകൾ എടുക്കുന്നത്.
നിലവിലുള്ള നിയമ പ്രകാരം ആന ഉടമകൾ ആനകളെ പരിപാലിക്കുവാൻ വേണ്ടിയുള്ള ചുമതലപ്പെടുത്തുന്ന പാപ്പാൻമാർക്ക് മൂന്നു വർഷമെങ്കിലും പ്രവർത്തി പരിചയമുള്ളവരായിരിക്കണം എന്ന നിയമം പറയുന്നു. അയാൾക്ക് മൂന്ന് വർഷത്തെ പ്രവർത്തി പരിചയം കാണിക്കുന്ന സർട്ടിഫിക്കറ്റും ഉണ്ടാകണം,സംസ്ഥാന വനം വകുപ്പ് നൽകുന്ന പരിശീലനം ആന പാപ്പാൻമാർക്ക് ലഭിച്ചിരിക്കണം ഈ കാര്യങ്ങൾ ആന ഉടമകൾ ഉറപ്പു വരുത്തണമെന്നുമാണ് 2003 – ലെ നിയമത്തിൽ പറയുന്നത്. കൂടാതെ ആന പാപ്പാന് മറ്റൊരു സഹായിയും ഉണ്ടാകണം. ആനയുടെ വലുപ്പമനുസരിച്ചുള്ള വൃത്തിയുള്ള തൊഴുത്ത് ഉണ്ടായിരിക്കണം.
തൊഴുത്തിന്റെ വലുപ്പവും ഉയരവും എല്ലാം നിയമത്തിൽ പ്രതേകം എടുത്തു പറയുന്നുണ്ട്. ആനകൾക്ക് പ്രതിരോധ കുത്തിവെപ്പ് കൃത്യമായി നടത്തുകയും വിശ്രമം,ആഹാരം, ആരോഗ്യ പരിപാലനം ഇതെല്ലാം നിയമത്തിൽ പറയുന്നുണ്ടെങ്കിൽ തന്നെയും ഇതൊന്നും ഇവിടെ പാലിക്കപ്പെടുന്നില്ല ഈ കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ആനകൾ വിരണ്ടോടുന്നത് പതിവായി തീർന്നിരിക്കുകയാണ്. വേണ്ടത്ര വിശ്രമങ്ങൾ പോലും നൽകാതെ ഒരു സ്ഥലത്തിൽ നിന്നും മറ്റൊരു സ്ഥലത്തേക്ക് വാഹനങ്ങളിൽ കയറ്റി ആനകളെ കൊണ്ടുപോകുകയും വേണ്ട പരിപാലനങ്ങൾ ചെയ്യാത്തതിൻ്റെ കാരണത്താലാണ് ആനകൾ ഇത്തരത്തിൽ വിരണ്ടോടാൻ കാരണമെന്ന് ഇതുമായി ബന്ധപ്പെട്ട വിദഗ്ധർ പറയുന്നു.

ഗുരുവായൂർ ആന കോട്ടയിൽ ഇരുമ്പ് തോട്ടി ഉപയോഗിക്കുന്നതായി വനം വകുപ്പ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. പൂർണമായും മരം കൊണ്ടുള്ള തോട്ടി ഉപയോഗിച്ച് ആനകളെ നിയന്ത്രിക്കുവാൻ അനുമതിയുണ്ടങ്കിലും ഇത്തരം മരം തോട്ടികളുടെ അറ്റത്ത് ഇരുമ്പ് ഉപയോഗിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത് എന്നും ഇരുമ്പിന് പകരം സ്റ്റീൽ ആണ് ഉപയോഗിക്കുന്നതെന്ന ന്യായീകരണമാണ് ആനകോട്ട അധികൃതരിൽ നിന്നും ഉണ്ടായത് എന്ന് വനം വകുപ്പ് വ്യക്തമാക്കി.കഴിഞ്ഞ ദിവസം ഗുരുവായൂർ ആനകോട്ടയിലെ ഒരു ആനയെ മൂന്ന് പാപ്പാൻമാർ ചേർന്ന് ഇരുമ്പ് തോട്ടി കൊണ്ട് അതി ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. ആനകളോടുള്ള ക്രൂരതകൾ മിക്കപ്പോഴും പല സ്ഥലങ്ങളിൽ നടക്കുന്നുണ്ടെങ്കിൽ തന്നെയും ഇതിന് ഉത്തരവാദികളാകുന്ന ആൾക്കാർക്കെതിരെ ഒരു നടപടികളും എടുക്കുന്നില്ല എന്ന ആക്ഷേപവും പൊതു സമൂഹത്തിനും ആന പ്രേമികൾക്കുമുണ്ട്.കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ എലിഫൻ്റ് ടാസ്ക് ഫോഴ്സ് ഇന്ത്യയിലെ ആനകളെക്കുറിച്ച് സമർപ്പിച്ച പഠന
റിപ്പോർട്ടിൽ രാജ്യത്തെ നാട്ടാനകൾ അടക്കം എല്ലാ ആനകളും പൈതൃക സ്വത്താണെന്നാണ് പറയുന്നത്.
വന്യജീവി സംരക്ഷണ നിയമത്തിൽ ആനകളെ സ്വകാര്യ വ്യക്തികൾക്കും മറ്റും ഉടമസ്ഥാവകാശം നൽകുവാനുള്ള വകുപ്പുകൾ മാറ്റി കൈവശ അവകാശം മാത്രം നൽകുവാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഉടമകൾ മറ്റ് ആൾക്കാർക്ക് പാട്ട വ്യവസ്ഥയിൽ ആനകളെ കൈമാറ്റം ചെയ്യുന്നുണ്ട്. അമിത ലാഭത്തിനു വേണ്ടി വേണ്ടത്ര വിശ്രമങ്ങൾ പോലും നൽകാതെ ദിനംപ്രതി വാഹനങ്ങളിൽ കയറ്റി പല സ്ഥലങ്ങളിലായി കൊണ്ടുപോകുന്നത് ഒരു പതിവായി തീർന്നിരിക്കുകയാണ്. രാത്രി കാലങ്ങളിൽ വേണ്ടത്ര വിശ്രമങ്ങൾ പോലും ഇപ്പോൾ ആനകൾക്ക് ലഭിക്കുന്നില്ല. ആനകൾക്ക് താര പരിവേഷമാണ് ഉള്ളത്. തല പൊക്കവും പേരും പെരുമയുമുള്ള ആനകൾക്ക് ലക്ഷങ്ങളാണ് പ്രതിഫലം. പാട്ട കരാർ വ്യവസ്ഥയിൽ പലരും ആനയെ നീണ്ട വർഷത്തേക്ക് പാട്ടത്തിനെടുത്ത് പണികൾ ചെയ്യിപ്പിക്കുന്നു. പണ്ട് തടിപിടുത്തവും മറ്റും ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഇത്തരം പണികൾ ഇല്ലാതെയായി തീർന്നു. കഴിഞ്ഞ ഡിസംബറിലും ജനുവരിയിലുമായി സംസ്ഥാനത്ത് മൂന്നു നാട്ടാനകളോളം ചരിഞ്ഞു. ആനകൾക്ക് പല രീതിയിലുള്ള രോഗങ്ങളാണ് ഇന്ന് കണ്ടു വരുന്നത്. നാട്ടാന പരിപാലന നിയമം അധികൃതർ വേണ്ട രീതിയിൽ നടപ്പിലാക്കാത്തടത്തോളം കാലം ഇത്തരത്തിൽ ആനകൾ വീണ്ടും പീഡിപ്പിക്കപ്പെടും.

































