മദ്യപിക്കാൻ പണം ആവശ്യപ്പെട്ടതിൽ രോഷാകുലനായ യുവാവ് അച്ഛനെ മർദിച്ച് കൊലപ്പെടുത്തി. 44 വയസ്സുള്ള കമലേഷ് യാദവാണ് കൊല്ലപ്പെട്ടത്. ബിഹാറിലെ ഫർദാബാദിലെ ഷാഹ്പുർ കുർദ് ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. 22 കാരനായ ഹരേന്ദറാണ് അച്ഛൻ കമലേഷ് യാദവിനെ മർദിച്ചത്. ഇഷ്ടിക കൊണ്ടും സോസ്പാൻ കൊണ്ടും ഹരേന്ദർ അച്ഛനെ അടിച്ചിരുന്നു. വീട്ടുടമസ്ഥന്‍റെ പരാതിയിൽ ഹരേന്ദറിനെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
കൂലിപ്പണിക്കാരനായ യാദവ് മകനൊപ്പം വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി 9 മണിയോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായതായി വീടിന്‍റെ ഉടമസ്ഥൻ പൊലീസിനോട് പറഞ്ഞു. ശബ്ദം കേട്ട് ചെന്നപ്പോൾ യാദവ് രക്തം വാർന്ന് തറയിൽ കിടക്കുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ബുധനാഴ്ചയോടെ യാദവ് മരണപ്പെട്ടതായും വീട്ടുടമസ്ഥൻ പൊലീസിനു നൽകിയ പരാതിയിൽ എഴുതിയിട്ടുണ്ട്.
മദ്യപിക്കാൻ പണം ആവശ്യപ്പെട്ടതാണ് ഹരേന്ദറിനെ രോഷാകുലനാക്കിയതെന്ന് മറ്റു വാടകക്കാർ പറയുന്നു. പ്രതി ഇപ്പോൾ ഒളിവിലാണ്.
murder
































