പാർലമെന്റിലെ ബഹളത്തിന് പിന്നാലെ രണ്ട് സഭകളിൽ നിന്നായി സസ്പെൻഡ് ചെയ്യപെട്ട പ്രതിപക്ഷ എംപിമാരുടെ എണ്ണം 78 ആയി. ഏറ്റവുമൊടുവില്‍ പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തിയതിന് കോണ്‍ഗ്രസ് എംപിമാരായ ജയറാം രമേഷ്, രണ്‍ദീപ് സുര്‍ജേവാല, കെസി വേണുഗോപാല്‍ എന്നിവരുള്‍പ്പെടെ 45 പ്രതിപക്ഷ അംഗങ്ങളെ രാജ്യസഭയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇതില്‍ 34 അംഗങ്ങളെ ശീതകാല സമ്മേളനത്തിന്റെ ശേഷിക്കുന്ന കാലയളവില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തപ്പോള്‍ മറ്റ് 11 എംപിമാരെ പ്രിവിലേജസ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വരുന്നത് വരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഡിസംബര്‍ 13ന് ലോക്‌സഭയില്‍ സംഭവിച്ച സുരക്ഷാ വീഴ്ചയെ ചൊല്ലി കഴിഞ്ഞ അഞ്ച് ദിവസമായി ഇരുസഭകളിലും കടുത്ത പ്രതിഷേധമാണ് എംപിമാര്‍ നടത്തുന്നത്.
നേരത്തെ സഭയില്‍ ബഹളമുണ്ടാക്കിയതിന് മുപ്പത്തിമൂന്ന് പ്രതിപക്ഷ എംപിമാരെ ലോകസഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ തീരുമാനത്തിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് രാജ്യസഭയിലും സമാന സംഭവം അരങ്ങേറിയത്. ‘ബഹുമാനപ്പെട്ട എംപിമാര്‍ സഭയിലെ ചട്ടങ്ങള്‍ക്കനുസൃതമായി പെരുമാറണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. സ്വയം ഒരു കലാപ ബ്രിഗേഡായി മാറരുത്. ഈ മഹത്തായ ഭവനത്തിന്റെ അന്തസ്സ് വീഴാന്‍ അനുവദിക്കരുത്,’ രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ പറഞ്ഞു. പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധം തുടരുന്നതിനാല്‍ തിങ്കളാഴ്ച രാജ്യസഭയുടെ നടപടികള്‍ മൂന്ന് തവണ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. ലോക്‌സഭയും സമാന രീതിയില്‍ നിര്‍ത്തിവെച്ചു.

































