തനിക്ക് ഇനി പൊലിസ് സുരക്ഷ ആവശ്യമില്ലെന്നും ആരെയും പേടിയില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ ആരെങ്കിലും ആക്രമിക്കാൻ വരികയാണെങ്കിൽ അവർ വരട്ടെയെന്നും അദ്ദേഹം എസ്എഫ്ഐയെ വെല്ലുവിളിച്ചു. “എനിക്ക് ഒട്ടും ഭയമില്ല. പ്രായം 70 പിന്നിട്ട തനിക്ക് ഇനി ആരെയും പേടിക്കേണ്ടതില്ല. കണ്ണൂർ ജനതയെ പേടിപ്പിച്ച പോലെ മുഖ്യമന്ത്രി എന്നെ പേടിപ്പിക്കാൻ നോക്കേണ്ട. എന്റെ സുരക്ഷ പിൻവലിച്ചാൽ ഇവിടേക്ക് വരേണ്ടി വരുമെന്ന് മുഖ്യമന്ത്രിക്ക് നല്ലപോലെ അറിയാം.
തന്നെ പേടിപ്പിക്കാൻ നോക്കുന്നത് കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പിന്നിലുള്ള വ്യക്തിയാണ്. എനിക്ക് പൊലിസ് സുരക്ഷ ആവശ്യമില്ലെന്ന് കാണിച്ച് ഡിജിപിക്ക് കത്ത് നൽകും. കേരള പൊലിസ് രാജ്യത്തെ തന്നെ മികച്ച പൊലിസ് സേനകളിലൊന്നാണ്. അവർക്കെതിരെ എനിക്ക് പരാതിയില്ല. എന്നാൽ, മുഖ്യമന്ത്രി അവരെ ജോലി ചെയ്യാൻ അനുവദിക്കുന്നില്ല.
സർവകലാശാലകളുടെ സ്വയംഭരണത്തിന് വേണ്ടിയാണ് താൻ നിലപാടെടുത്തത്. എന്തുകൊണ്ടാണ് എസ്എഫ്ഐ മാത്രം എനിക്കെതിരെ പ്രതിഷേധിക്കുന്നത്. സുപ്രീം കോടതി വിധി പ്രകാരം സർവകലാശാലകളെ നിയന്ത്രിക്കാനാകില്ലെന്ന് അവർക്ക് മനസിലായിട്ടുണ്ട്. അതുകൊണ്ടാണ് അവർ തനിക്കെതിരെ വരുന്നത്. മുഖ്യമന്ത്രിയാണ് ഇവിടേക്ക് വരുന്നതെങ്കിൽ ഇതുപോലൊരു കറുത്ത ബാനർ ഇവിടെ വെക്കാൻ അനുവദിക്കുമോ?
കണ്ണൂരൂകാരെ കുറിച്ച് താൻ മോശമായി ഒന്നും പറഞ്ഞിട്ടില്ല. കണ്ണൂരിലെ അക്രമസംഭവങ്ങളെ കുറിച്ചാണ് താൻ പ്രതികരിച്ചത്. തനിക്ക് പൊലിസ് സംരക്ഷണം ആവശ്യമില്ല. കേരളത്തിലെ ജനങ്ങൾക്ക് തന്നെ വളരെ ഇഷ്ടമാണ്. സർവകലാശാലകളിലെ സ്വയംഭരണാവകാശത്തിന് വേണ്ടിയാണ് താൻ നിലപാടെടുക്കുന്നത്,” ഗവർണർ പറഞ്ഞു.
അതേസമയം, മാധ്യമങ്ങളെ കണ്ട ശേഷം കോഴിക്കോട് നഗരത്തിലേക്കിറങ്ങിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പൊലിസിന്റെ സുരക്ഷാ ക്രമീകരണങ്ങളെ വകഞ്ഞു മാറ്റി മിഠായി തെരുവിലെത്തി. ജനത്തിരക്കേറിയ മിഠായി തെരുവിൽ ഗവർണർ നടത്തിയ മിന്നൽ സന്ദർശനം ആളുകളെ ഞെട്ടിച്ചു. കടകൾ തോറും കയറിയിറങ്ങി ആളുകളോട് കുശലം ചോദിച്ചും, ഹൽവയുടെ മധുരം നുണഞ്ഞും 40 മിനിറ്റോളം അവിടം ചിലവഴിച്ചു.

































