കൊച്ചി: മാതാപിതാക്കളുടെ കുറഞ്ഞ സിബിൽ (CIBIL) സ്‌കോറിന്റെ പേരിൽ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബാങ്കുകളുടെ നടപടി ശരിവെച്ച് ഹൈക്കോടതി. ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനീസ് (റെഗുലേഷൻ) ആക്ട് പ്രകാരം വായ്പ അനുവദിക്കുന്നതിന് മുൻപ് അപേക്ഷകരുടെ സാമ്പത്തിക വിശ്വസ്തത പരിശോധിക്കാൻ ബാങ്കുകൾക്ക് പൂർണ്ണ അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. സിബിൽ സ്‌കോർ കുറഞ്ഞതിന്റെ പേരിൽ വായ്പ നിഷേധിക്കപ്പെട്ടതിനെതിരെ വിവിധ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജികൾ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എം.എ. അബ്ദുൽ ഹക്കീമിന്റെ ഉത്തരവ്.
വിദ്യാഭ്യാസ വായ്പകളിൽ മാതാപിതാക്കൾ സഹ-അപേക്ഷകരായതിനാൽ (Co-applicants) അവരുടെ സിബിൽ സ്‌കോറും സാമ്പത്തിക പശ്ചാത്തലവും പരിശോധിക്കുന്നത് പ്രധാനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിന്റെ ‘ക്രെഡിറ്റ് ഗ്യാരന്റി ഫണ്ട് ഫോർ എജുക്കേഷണൽ ലോൺ’ സ്കീം, വായ്പ തിരിച്ചടവിൽ വീഴ്ചയുണ്ടായാൽ ബാങ്കുകൾക്ക് സംരക്ഷണം നൽകുന്ന ഒന്നാണ്. എന്നാൽ ഇത് വായ്പാ മാനദണ്ഡങ്ങളിൽ ഇളവുകൾ നിർദ്ദേശിക്കുന്നില്ല.
കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ:
- അവകാശമല്ല: വിദ്യാഭ്യാസ വായ്പ എന്നത് ഒരു അവകാശമായി ഉന്നയിക്കാനാവില്ല. ബാങ്കുകളുടെ നിലവിലുള്ള സ്കീമുകൾക്കും സർക്കുലറുകൾക്കും വിധേയമായി മാത്രമേ വായ്പ അനുവദിക്കാനാകൂ.
- കിട്ടാക്കടം കുറയ്ക്കാം: അപേക്ഷകരുടെ ക്രെഡിറ്റ് സ്‌കോർ പരിശോധിക്കുന്നത് കിട്ടാക്കടം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള സ്വാഭാവികവും നിയമാനുസൃതവുമായ നടപടിയാണ്.
- ബാങ്കുകളുടെ അധികാരം: വായ്പ നൽകുന്നതിനായി തങ്ങളുടേതായ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ ബാങ്കുകൾക്ക് അവകാശമുണ്ട്.
ബാങ്കുകളുടെ വായ്പാ നയത്തെ ഹർജിക്കാർ ചോദ്യം ചെയ്യാത്ത സാഹചര്യത്തിൽ നിലവിലെ നടപടികളിൽ ഇടപെടാൻ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.































