കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ വിചാരണക്കോടതി വിധിച്ച 20 വർഷം തടവുശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യത്തിന് ഹൈക്കോടതിയിൽ തിരിച്ചടി. കേസിലെ അഞ്ചും ആറും പ്രതികളായ എച്ച്. സലീം, ബി. പ്രദീപ് എന്നിവർ സമർപ്പിച്ച ജാമ്യഹർജികളാണ് ഹൈക്കോടതി തള്ളിയത്. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികളിൽ വിധി പ്രസ്താവിച്ചത്.
ഗൂഢാലോചനയിൽ പ്രതികൾക്ക് വ്യക്തമായ പങ്കുണ്ടെന്ന് കാണിക്കുന്ന പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഒന്നാം പ്രതിയായ പൾസർ സുനിക്ക് കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ മൊബൈൽ ഫോൺ കൈമാറിയത് സലീമാണെന്നും, പാലാരിവട്ടം മുതൽ പടമുകൾ വരെ പ്രതികൾ സഞ്ചരിച്ച വാഹനത്തിൽ ഇയാൾ ഉണ്ടായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. കളമശേരിയിൽ വെച്ച് വാഹനത്തിൽ കയറിയ പ്രദീപിനും കുറ്റകൃത്യത്തിൽ പങ്കാളിത്തമുണ്ട്. അതിജീവിതയുടെ മൊഴിയും ഡിജിറ്റൽ തെളിവുകളും ഇവരുടെ കുറ്റം തെളിയിക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി.
“സമൂഹമനഃസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ ശിക്ഷ മരവിപ്പിക്കാൻ തക്ക പ്രത്യേക സാഹചര്യങ്ങളൊന്നുമില്ല. പണത്തിനുവേണ്ടി സ്ത്രീയുടെ അന്തസ്സ് ചോദ്യം ചെയ്യുന്ന ഇത്തരം പ്രവൃത്തികൾ അതീവ ഗൗരവമുള്ളതാണ്. രണ്ടരവർഷത്തോളം ജയിലിൽ കഴിഞ്ഞു എന്നത് മാത്രം ശിക്ഷ മരവിപ്പിക്കാൻ മതിയായ കാരണമല്ല.”
— ഹൈക്കോടതി
വിചാരണക്കോടതി വിധിയിൽ പ്രഥമദൃഷ്ട്യാ തെറ്റുകളൊന്നുമില്ലെന്നും കോടതി കൂട്ടിച്ചേർത്തു.
2017 ഫെബ്രുവരി 17-നാണ് കൊച്ചിയിൽ യുവനടി ക്രൂരമായി ആക്രമിക്കപ്പെട്ടത്. കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്കും വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നു. കേസിൽ വിചാരണക്കോടതി വിധിക്കെതിരെ നൽകിയ അപ്പീൽ തീർപ്പാകാൻ കാലതാമസമെടുക്കുമെന്നതിനാൽ ജാമ്യം നൽകണമെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഇതേ ആവശ്യമുന്നയിച്ച് ഒന്നാം പ്രതി പൾസർ സുനി നൽകിയ ഹർജിയും കോടതി നേരത്തെ തള്ളിയിരുന്നു.































