പെരുമ്പാവൂർ: പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിലേക്ക് ബാലവേലയ്ക്കായി ബിഹാറിൽ നിന്ന് കുട്ടികളെ എത്തിച്ച സംഭവത്തിലെ അന്വേഷണവും തുടർനടപടികളും അട്ടിമറിക്കാൻ നീക്കം നടക്കുന്നെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി. സംഭവത്തിൽ അന്വേഷണം നടത്തി അടിയന്തര നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നൽകി.
ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
കഴിഞ്ഞ ദിവസമാണ് പട്‌ന-എറണാകുളം എക്‌സ്പ്രസ് ട്രെയിനിൽ എറണാകുളം റെയിൽവേ സ്റ്റേഷനിൽ എത്തിച്ച 14-നും 17-നും ഇടയിൽ പ്രായമുള്ള ഒമ്പത് കുട്ടികളെ ആർ.പി.എഫ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയത്. തുടർന്ന് ഇവരെ സർക്കാറിന്റെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടികളെ കടത്തിക്കൊണ്ടുവന്ന ബിഹാർ സ്വദേശികളായ സുനിൽ മോണ്ടൽ, ഡബ്ലുനാഥ് എന്നിവരെ ആർ.പി.എഫ് അറസ്റ്റ് ചെയ്ത് റെയിൽവേ പോലീസിന് കൈമാറിയിരുന്നു
ഇതര സംസ്ഥാനങ്ങളിൽനിന്ന് കുട്ടികളെ കൊണ്ടുവരുന്നത് പുറത്തുള്ള ഏജന്റുമാരാണെങ്കിലും ഇതിന്റെ പ്രധാന സൂത്രധാരന്മാരും ഉപഭോക്താക്കളും കേരളത്തിലുള്ള മലയാളികൾ തന്നെയാണ്. എന്നാൽ ഇവരെ ഒഴിവാക്കി കേസ് നിസ്സാരവത്കരിക്കാൻ ഉദ്യോഗസ്ഥതലത്തിൽ നീക്കം നടക്കുന്നതായാണ് പരാതിയിലെ പ്രധാന ആരോപണം. കുട്ടികളുടെ വയസ്സ് 18 പൂർത്തിയായെന്ന് കാണിച്ച് വ്യാജരേഖകൾ നിർമിച്ചാണ് പല ഫാക്ടറികളിലും കടകളിലും ജോലിക്ക് നിയോഗിക്കുന്നത്.
സംസ്ഥാനത്തെ വിവിധ ഫാക്ടറികളിൽ രഹസ്യമായി നടക്കുന്ന ബാലവേലയും അതിക്രമങ്ങളും പലപ്പോഴും പുറത്തുവരുന്നില്ലെന്നും ഇത് റിപ്പോർട്ട് ചെയ്യുന്നതിൽ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിക്കുന്നുണ്ടെന്നും പരാതിയിൽ വ്യക്തമാക്കുന്നു.































