ആലപ്പുഴ: വ്യാജ തിരിച്ചറിയൽ രേഖകളുമായി ആലപ്പുഴയിൽ വിനോദസഞ്ചാരത്തിനെത്തിയ ശ്രീലങ്കൻ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. നിലവിൽ കാനഡയിൽ താമസിക്കുന്ന, ശ്രീലങ്കയിലെ ജാഫ്ന സ്വദേശിനിയായ നിക്ഷലയാണ് പുന്നമടയിലെ പ്രമുഖ റിസോർട്ടിൽ വെച്ച് പോലീസിന്റെ പിടിയിലായത്. കുടുംബത്തോടൊപ്പം താമസിച്ച് വരികയായിരുന്നു ഇവർ.
ശ്രീലങ്കയിൽ നിന്ന് അഭയാർഥിയായാണ് നിക്ഷല കാനഡയിലേക്ക് പോയത്. അവിടെ സെയിൽസ് ഗേളായി ജോലി നോക്കുന്ന ഇവർക്ക് നിലവിൽ കാനഡയിൽ പെർമനന്റ് റെസിഡൻസി (PR) ലഭിച്ചിട്ടുണ്ട്. വെറും ആറുമാസം കൂടി കഴിഞ്ഞാൽ ഇവർക്ക് കനേഡിയൻ പൗരത്വം ലഭിക്കാനിരിക്കെയാണ് ഈ അറസ്റ്റ്.
അഭയാർഥിയായി കാനഡയിലേക്ക് പോയതിനാൽ ഇവർക്ക് നിയമപരമായി തിരികെ ശ്രീലങ്കയിൽ പ്രവേശിക്കാൻ കഴിയില്ലായിരുന്നു. എന്നാൽ ശ്രീലങ്കയിലുള്ള തന്റെ മകന്റെ വരാനിരിക്കുന്ന ജന്മദിനം (ജൂലൈ 24) ഒന്നിച്ച് ആഘോഷിക്കുന്നതിനായി ഇവർ ഒരു വഴി കണ്ടെത്തുകയായിരുന്നു. ഇതിനായി ഭർത്താവിനോടും മക്കളോടും മറ്റ് ബന്ധുക്കളോടും ഇന്ത്യയിലേക്ക് വരാൻ യുവതി ആവശ്യപ്പെട്ടു. ഭർത്താവും മക്കളുമടങ്ങുന്ന ഒമ്പതംഗ സംഘം ബംഗളൂരു വഴിയാണ് ആലപ്പുഴയിൽ എത്തിയത്.
അതേസമയം, കാനഡയിൽ നിന്ന് നേരിട്ട് ഇന്ത്യയിലേക്ക് വിസ ലഭിക്കാൻ ബുദ്ധിമുട്ടായതിനെത്തുടർന്ന് നിക്ഷല നേപ്പാൾ വഴിയാണ് ഇന്ത്യയിലേക്ക് കടന്നത്. തുടർന്ന് റോഡ് മാർഗ്ഗമാണ് ഇവർ കേരളത്തിലെത്തിയത്.
ആലപ്പുഴ ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നോർത്ത് പോലീസ് യുവതി താമസിച്ചിരുന്ന റിസോർട്ടിൽ മിന്നൽ പരിശോധന നടത്തുകയായിരുന്നു. ഇവരിൽ നിന്ന് വ്യാജമായി നിർമ്മിച്ച പാൻ കാർഡും ആധാർ കാർഡും പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൊട്ടാരക്കര വനിതാ ജയിലിലേക്ക് റിമാൻഡ് ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.































