ന്യൂയോർക്ക്: സായുധ സംഘർഷങ്ങളിൽ കുട്ടികളെ സംരക്ഷിക്കുന്നത് ലോകരാജ്യങ്ങളുടെ കൂട്ടായ ഉത്തരവാദിത്തമാണെന്ന് സൗദി അറേബ്യ. ഇത്തരം സംഘർഷങ്ങളുടെ മൂലകാരണങ്ങളും അവ സൃഷ്ടിക്കുന്ന അനന്തരഫലങ്ങളും പരിഹരിക്കാൻ ഏകോപിപ്പിച്ചുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ അനിവാര്യമാണെന്നും സൗദി വീണ്ടും വ്യക്തമാക്കി.
കുട്ടികളും സായുധ സംഘർഷങ്ങളും’ എന്ന വിഷയത്തിൽ ഐക്യരാഷ്ട്രസഭാ സൂരക്ഷാ കൗൺസിലിൽ (UNSC) നടന്ന യോഗത്തിലാണ് യുഎന്നിലെ സൗദിയുടെ സ്ഥിരം പ്രതിനിധി ഡോ. അബ്ദുൽ അസീസ് അൽവാസിൽ രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
സിവിലിയൻ സുരക്ഷയ്ക്ക് മുൻഗണന
കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്‌ഡ് ആൻഡ് റിലീഫ് സെന്റർ (KSrelief) വഴി തൊണ്ണൂറിലധികം രാജ്യങ്ങളിലാണ് സൗദി ദുരിതാശ്വാസ പദ്ധതികൾ നടപ്പിലാക്കുന്നത്. മാനുഷിക പരിഗണനകൾ മുൻനിർത്തി, യാതൊരുവിധ വിവേചനവുമില്ലാതെ ദുരന്തബാധിതർക്ക് സഹായമെത്തിക്കാൻ ഈ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്ന് അൽവാസിൽ ചൂണ്ടിക്കാട്ടി. സംഘർഷ മേഖലകളിൽ സിവിലിയന്മാർക്കും, പ്രത്യേകിച്ച് കുട്ടികൾക്കും സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങൾക്ക് സൗദി അറേബ്യ പൂർണ്ണ പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗാസയിൽ അടിയന്തര ഇടപെടൽ വേണം
ഗാസയിലെ നിലവിലെ ഗുരുതരമായ സ്ഥിതിഗതികളെക്കുറിച്ച് ഡോ. അബ്ദുൽ അസീസ് അൽവാസിൽ യോഗത്തിൽ ശക്തമായ ആശങ്ക രേഖപ്പെടുത്തി. അവിടെ നടക്കുന്ന സംഭവങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും മാനവിക മൂല്യങ്ങളുടെയും കടുത്ത ലംഘനമാണ്.
“ഗാസയിലെ മാനുഷിക ദുരന്തത്തിന് അടിയന്തരമായി അറുതി വരുത്തണം. കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാനും അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും അടിയന്തരമായി അന്താരാഷ്ട്ര സമൂഹം ഇടപെടേണ്ടതുണ്ട്.” – ഡോ. അബ്ദുൽ അസീസ് അൽവാസിൽ
ഇസ്‌ലാമിക നിയമങ്ങളുടെ തത്വങ്ങളും മാനുഷിക സംരക്ഷണത്തോടുള്ള രാജ്യത്തിന്റെ ദീർഘകാല പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്നതാണ് സംഘർഷ മേഖലകളിലെ കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി സൗദി നൽകുന്ന പ്രത്യേക പ്രാധാന്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സായുധ സംഘർഷങ്ങൾ ബാധിച്ച ജനങ്ങളുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ ഐക്യരാഷ്ട്രസഭ നടത്തുന്ന എല്ലാ ആത്മാർത്ഥമായ ശ്രമങ്ങൾക്കും സൗദി അറേബ്യയുടെ പൂർണ്ണ പിന്തുണ അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി.

































