ജാഞ്ജ്ഗീർ-ചാമ്പ (ഛത്തീസ്ഗഢ്): വിവാഹച്ചടങ്ങിനിടെ വരൻ അമിതമായി മദ്യപിച്ചെത്തിയതിനെ തുടർന്ന് കല്യാണം വേണ്ടെന്നുവെച്ച് 22 വയസ്സുകാരിയായ വധു മാതൃകയായി. ഛത്തീസ്ഗഢിലെ ജാഞ്ജ്ഗീർ-ചാമ്പ ജില്ലയിലാണ് സംഭവം. മദ്യപാനത്തിനെതിരെ ശക്തമായ നിലപാടെടുത്ത വധു മുസ്കാൻ പ്രധാനെ ജാഞ്ജ്ഗീർ-ചാമ്പ ജില്ലാ പോലീസ് സൂപ്രണ്ട് (SP) വിജയ് കുമാർ പാണ്ഡെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ആദരിച്ചു.
ചാമ്പ പോലീസ് സ്റ്റേഷൻ പരിധിയിലെ കോസ്മന്ദ ഗ്രാമവാസിയായ മുസ്കാനും ഖോഖ്ര ഗ്രാമത്തിലെ സന്ത് റാമും (24) തമ്മിലുള്ള വിവാഹം ജൂൺ 23-നായിരുന്നു നിശ്ചയിച്ചിരുന്നത്. വൈകുന്നേരം നാലുമണിയോടെ വധൂഗൃഹത്തിൽ എത്തിയ വരനും സംഘവും കല്ല്യാണച്ചടങ്ങുകളിലേക്ക് കടന്നു. എന്നാൽ, ശരിയായി എഴുന്നേറ്റു നിൽക്കാൻ പോലും കഴിയാത്തവിധം അമിതമായി മദ്യപിച്ച നിലയിലായിരുന്നു വരൻ. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ മുസ്കാൻ വിവാഹത്തിൽ നിന്ന് പിന്മാറാൻ ഉടനടി തീരുമാനിക്കുകയായിരുന്നു.
മുൻപും മുന്നറിയിപ്പ് നൽകിയിരുന്നു!
“മുൻപ് വിവാഹ നിശ്ചയത്തിന് വന്നപ്പോഴും സന്ത് റാം മദ്യപിച്ചിട്ടുണ്ടായിരുന്നു. അന്ന് താൻ ഇയാൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകിയതാണ്. ഇനി മദ്യപിക്കില്ലെന്ന് അന്ന് ഉറപ്പുനൽകിയിരുന്നതിനാലാണ് വിവാഹത്തിന് സമ്മതിച്ചത്,” – മുസ്കാൻ പോലീസിനോട് പറഞ്ഞു.
പെൺകുട്ടിയുടെ പെട്ടെന്നുള്ള തീരുമാനത്തോടെ ഇരു കുടുംബങ്ങളും അതിഥികളും തമ്മിൽ കല്യാണപ്പന്തലിൽ വെച്ച് തർക്കമുണ്ടാവുകയും രംഗം കൈയാങ്കളിയിലേക്ക് നീങ്ങുകയും ചെയ്തു. തുടർന്ന് വിവരമറിഞ്ഞ് ചാമ്പ സ്റ്റേഷൻ എസ്എച്ച്ഒ അശോക് വൈഷ്ണവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.
ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്ത മുസ്കാന്റെ ധീരമായ തീരുമാനത്തെ സോഷ്യൽ മീഡിയ ഉൾപ്പെടെ വലിയ രീതിയിലാണ് ഇപ്പോൾ അഭിനന്ദിക്കുന്നത്.
































