കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കും പാര്‍ട്ടിക്കുള്ളിലെ ഭിന്നതകള്‍ക്കുമൊടുവില്‍ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു.പോഷക സംഘടനകളും പിരിച്ചുവിട്ടിട്ടുണ്ട്. സമ്പൂര്‍ണ അഴിച്ചുപണിയുടെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. അതേസമയം, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട എംഎല്‍എ ഋതബ്രത ബാനര്‍ജിയെ നിയമസഭയിലെ പ്രതിപക്ഷ നേതാവായി പിന്തുണയ്ക്കാന്‍ തൃണമൂലിലെ അറുപതോളം വിമത എംഎല്‍എമാര്‍ ഒരുങ്ങുന്നതായാണ് വിവരം.
പാര്‍ട്ടിയില്‍ സമ്പൂര്‍ണമായ അഴിച്ചുപണിയും പുനപരിശോധനയും സംഘടനാപരമായ വിലയിരുത്തലും നേതാക്കളുടെ പ്രകടനത്തിന്റെ അവലോകനവും എല്ലാ തലത്തിലും നടത്തുമെന്നാണ് കമ്മിറ്റികള്‍ പിരിച്ചുവിട്ടുകൊണ്ട് തൃണമൂല്‍ നേതൃത്വം പറഞ്ഞിരിക്കുന്നത്. തൃണമൂലിന്റെയും പോഷകസംഘടനകളുടെയും സംഘടനാതലത്തില്‍ വലിയ തോതിലുള്ള അഴിച്ചുപണിയുണ്ടാകുമെന്നും നേതൃത്വം വ്യക്തമാക്കി.
തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കനത്ത വെല്ലുവിളിയാണ് മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി നേരിടുന്നത്. ബംഗാളിലെ അക്രമ സംഭവങ്ങള്‍ക്കെതിരെ ഇന്നലെ മമത നടത്തിയ പ്രതിഷേധത്തില്‍ പാര്‍ട്ടി നേതാക്കളില്‍ പലരും പങ്കെടുത്തില്ല. 500ല്‍ താഴെ മാത്രം ആളുകളാണ് പരിപാടിക്കെത്തിയത്. ഇതോടെ മമത കൂടുതല്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്.
ഇതിനോടൊപ്പമാണ് വിമത നീക്കവും ശക്തമായത്. തൃണമൂലില്‍ നിന്ന് പുറത്താക്കപ്പെട്ട ഋതബ്രത ബാനര്‍ജി തനിക്ക് 59 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് അവകാശപ്പെട്ടിരിക്കുന്നത്. ഇദ്ദേഹത്തെ സഭയിലെ പ്രതിപക്ഷ നേതാവാക്കാനുള്ള നീക്കം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആകെ 80 എംഎല്‍എമാരാണ് ടിഎംസിക്ക് ബംഗാളിലുള്ളത്. ഇതില്‍ 59 പേരുടെ ഒപ്പുകള്‍ വിമത ഗ്രൂപ്പ് ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം. പ്രതിപക്ഷ നേതൃസ്ഥാനത്തിനായി അവകാശവാദമുന്നയിച്ച് ഋതബ്രത ബാനര്‍ജി സ്പീക്കറെ കാണുകയും ചെയ്തു.
തങ്ങളാണ് ‘യഥാര്‍ഥ തൃണമൂല്‍ കോണ്‍ഗ്രസ്’ എന്നാണ് വിമത വിഭാഗം അവകാശപ്പെടുന്നത്. 2022ല്‍ മഹാരാഷ്ട്രയിലെ ശിവസേനയില്‍ ഉണ്ടായതിനു സമാനമായ നീക്കമാണ് ബംഗാളിലും നടക്കുന്നത്. ഇത് വിജയിച്ചാല്‍, വിമത വിഭാഗം നിയമസഭയിലെ ഔദ്യോഗിക തൃണമൂല്‍ കോണ്‍ഗ്രസായി മാറിയേക്കും. മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ളതിനാല്‍ കൂറുമാറ്റ നിരോധന നിയമത്തില്‍ നിന്ന് രക്ഷപ്പെടാനും, തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി നാമവും ചിഹ്നവും തങ്ങളുടേതായി നിലനിര്‍ത്താനും വിമത വിഭാഗത്തിന് സാധിച്ചേക്കും. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും.






























