തൃശൂർ: ബിജെപിയെ വിജയിപ്പിക്കാൻ തൃശൂർപൂരം കലക്കിയത് പിണറായിയുടെ അറിവോടെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പുരം കലക്കിയതിനെതിരെ തേക്കിൻകാട് മൈതാനിയിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉദ്ഘാടനംചെയ്തത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിമാരോട് സ്ഥലത്ത് പോകണ്ടെന്ന് പറഞ്ഞ അതേ പോലീസ്, സേവാ ഭാരതിയുടെ ആംബുലൻസിൽ ബിജെപി സ്ഥാനാർഥിയെ എഴുന്നള്ളിച്ചെന്നും ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിക്കും എസ്കോർട്ട് നൽകിയെന്നും സതീശൻ പറഞ്ഞു.
പൂരം കലക്കാനുള്ള തൻ്റെ പ്ലാൻ നന്നായി നടപ്പാക്കുന്നുണ്ടോയെന്ന് അറിയാനാണ് അജിത് കുമാർ എത്തിയത്. എപ്പോൾ ഉറങ്ങണമെന്നും എഴുന്നേൽക്കണമെന്നും കൃത്യമായ ചിട്ടയുള്ളയാളാണ് പിണറായി.
അങ്ങനെയുള്ള പിണറായി പൂരം പോലീസ് ഇടപ്പെട്ട് കലക്കിയത് അറിഞ്ഞില്ലെന്ന് പറഞ്ഞാൽ ആര് വിശ്വസിക്കും. ഏതെങ്കിലും അന്തം കമ്മി വിശ്വസിക്കുമോ എന്നും സതീശൻ ചോദിച്ചു.































