മലപ്പുറത്തു നിന്നും കാണാനായ വിഷ്ണുജിത്ത് കോയമ്പത്തൂരിലേക്ക് പോയതായി സൂചന. വിഷ്ണുജിത്ത് പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തിയതിന്‍റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. ഇവിടെ നിന്നും കോയമ്പത്തൂരിലേക്ക് പോയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിൽ അന്വേഷണം കോയമ്പത്തൂരിലേക്ക് നീളുകയാണ്.
ഞായറാഴ്ചയായിരുന്നും വിഷ്ണുജിത്തിന്‍റെ വിവാഹം നടക്കേണ്ടിയിരുന്നത്. വിവാഹ ആവശ്യത്തിനായി പണം സംഘടിപ്പിക്കാനായി പാലക്കാട്ടേക്ക് പോവുകയാണെന്നാണ് ബന്ധുക്കളോട് വിഷ്ണു ജിത്ത് പറഞ്ഞത്. ഈ മാസം നാലാം തീയതിയാണ് വിഷ്ണു ജിത്ത് വീട്ടിൽ നിന്നും ഇറങ്ങിയത്. പിന്നീട് ദിവസങ്ങൾ കഴിഞ്ഞിട്ടു കാണാതായതോടെയാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. കഞ്ചിക്കോട്ട് ഒരു ഐസ്‌ക്രീം കമ്പനിയിലാണ് വിഷ്ണുജിത്ത് ജോലി ചെയ്തിരുന്നത്.
വിഷ്ണുജിത്തിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഒരു ലക്ഷം രൂപ കൊടുത്തിട്ടുണ്ടെന്നും, ആ പണവുമായി കഞ്ചിക്കോട്ട് നിന്നും പാലക്കാട് ടൗണിലേക്ക് പോയതായി വിഷ്ണുവിന്‍റെ സുഹൃത്ത് അറിയിച്ചുവെന്നും അമ്മ പറഞ്ഞിരുന്നു. വിഷ്ണുജിത്തിന് സാമ്പത്തിക ബാധ്യതകള്‍ ഉള്ളതായി അറിയില്ലായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു.































