വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചർച്ചകൾക്കായി പണം കൈമാറാൻ കേന്ദ്ര സർക്കാരിൻ്റെ അനുമതി. പ്രാരംഭ ചർച്ചകൾ നടത്താനുള്ള പണം ഇന്ത്യൻ എംബസി വഴി കൈമാറാൻ അനുമതി തേടി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയാണ് കേന്ദ്രത്തെ സ മീപിച്ചത്.
പ്രാരംഭ ചർച്ചകൾ തുടങ്ങണമെങ്കിൽ നാൽപ്പതിനായിരം യുഎസ് ഡോളർ ആദ്യം കൈമാറണമെന്നും അത് എംബസി വഴി ലഭിക്കാൻ അനുമതി നൽകണമെന്നുമായിരുന്നു പ്രേമകുമാരി ആവശ്യപ്പെട്ടത്. എംബസിയുടെ അക്കൗണ്ടിൽ പണമെത്തിയാൽ, സനയിൽ പ്രേമകുമാരി നിർദേശിക്കുന്നവർക്ക് കൈമാറാനുള്ള നടപടികൾ പൂർത്തിയാക്കാനും കേന്ദ്രം അനുമതി നൽകി.
യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകിയാൽ പ്രതിക്ക് ശിക്ഷയിളവ് ലഭിക്കും. യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.
































