സോളാർ വിഷയത്തിലെ എൽഡിഎഫിൻ്റെ സെക്രട്ടറിയേറ്റ് വളയൽ സമരം ഒത്തുതീർപ്പാക്കിയത് ജോൺ ബ്രിട്ടാസ് ഇടപെട്ടാണെന്ന വെ ളിപ്പെടുത്തലുമായി മുതിർന്ന മാധ്യമപ്രവർത്തകനായ ജോൺ മുണ്ടക്കയം..
സോളാർ കേസിൽ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചത് ധാരണപ്രകാരമാണ്. ജോൺ ബ്രിട്ടാസിനെ ഇടനിലക്കാരനാക്കി സിപിഎം ഒത്തുതീർപ്പിന് ശ്രമിച്ചെന്നും ഇത് യുഡിഎഫും സർക്കാരും അംഗീകരിക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് 2013 ഓഗസ്റ്റ് 12ന് നടന്ന സെക്രട്ടറിയേറ്റ് വളയൽ സമരം ഒന്നര ദിവസം കൊണ്ട് അവസാനിച്ചത് എങ്ങനെയാണെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഒരു ആനുകാലിക പ്രസിദ്ധീകരണത്തിൽ സോളാർ ഇരുണ്ടപ്പോൾ എന്ന പേരിൽ എഴുതിയ പരമ്പരയുടെ മൂന്നാം ഭാഗത്തിലാണ് വെളിപ്പെടുത്തൽ.
താൻ കൂടി ഇടപെട്ടുകൊണ്ടാണ് സമരം ഒത്തുതീർപ്പാക്കിയത്. അതിന് തുടക്കം കുറിച്ചത് ജോൺ ബ്രിട്ടാസിൻ്റെ ഫോൺ കോളാണെന്ന് ലേഖകൻ വെളിപ്പെടുത്തി സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കേണ്ടേ എന്ന് ബ്രിട്ടാണ് തന്നെ വിളിച്ച് ചോദിച്ചു. പാർട്ടി നേതൃത്വം അറിഞ്ഞുകൊണ്ടാണ് ഇതെന്ന് തനിക്ക് ബോധ്യമായി.
പിന്നീട് താൻ ഉമ്മൻ ചാണ്ടിയെ വിളിച്ച് ബ്രിട്ടാസ് പറഞ്ഞ കാര്യം അറിയിച്ചെ ന്നും അദ്ദേഹം ലേഖനത്തിൽ പറയുന്നു. പാർട്ടി തീരുമാനം ആണോയെന്ന് ചോദിച്ച ഉമ്മൻ ചാണ്ടി പി.കെ.കുഞ്ഞാലിക്കുട്ടിയെ വിളിച്ച് വിവരം പറയാമോയെന്ന് ചോദിച്ചു.
താൻ കുഞ്ഞാലിക്കുട്ടിയെ വിളിച്ച് വിവരം പറഞ്ഞു. കുഞ്ഞാലിക്കുട്ടി തിരുവഞ്ചൂരിനെ ബന്ധപ്പെട്ടു. തിരുവഞ്ചൂർ ബ്രിട്ടാസിനേയും തുടർന്ന് കോടിയേരി ബാലകൃഷണനേയും വിളിച്ചു സംസാരിച്ചു.
തുടർന്ന് ഇടതു പ്രതിനിധിയായി എൻ.കെ.പ്രേമചന്ദ്രൻ യുഡിഎഫ് നേതാക്കളെ കണ്ടു. അതോടെ സമരം തീരാൻ അരങ്ങൊരുങ്ങി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. വൈകാതെ പത്രസമ്മേളനം നടത്തി ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചു.
മിനിറ്റുകൾക്കുള്ളിൽ സമരവും പിൻവലിച്ചെന്നും ലേഖനത്തിൽ പറയുന്നു. സമരത്തിന്റെ മുൻ നിരയിലുണ്ടായിരുന്ന തോമസ് ഐസക് ഉൾപ്പെടെയുള്ളവർ ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നും ലേഖകൻ വ്യക്തമാക്കി.

































